കൊവിഡ് ബാധിച്ച് ഡൽഹിയിൽ പൂർണ ഗർഭിണി ഉൾപ്പെടെ 9 മലയാളി നഴ്സുമാർ ഭക്ഷണമോ ചികിത്സയോ കിട്ടാതെ ദുരിതത്തിൽ

ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിനുള്ളില്‍ 508 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് 4789 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 13 പേര്‍ മരിച്ചപ്പോള്‍ ആകെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 124 ആയി. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറച്ച് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രം 704 പേര്‍ക്കാണ് വൈറസ് പോസിറ്റീവായത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ കണക്കാണെങ്കിലും ഇന്ത്യയെ സംബന്ധിച്ച് ഇത് ആശങ്കയുണര്‍ത്തുന്നതാണ്.

അതേസമയം കൊവിഡ് സ്ഥിരീകരിച്ച ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർണ ഗർഭിണി ഉൾപ്പെടെയുള്ള ഒൻപത് മലയാളി നഴ്സുമാർ ഭക്ഷണമോ ചികിത്സയോ കിട്ടാതെ തീരാദുരിതത്തിലായി.ഡൽഹി സർക്കാരിന്റെ കീഴിലുള്ള രാജീവ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ് ഇവരെ. ഒരു നഴ്സിന്റെ ഏഴും നാലും വയസുള്ള കുഞ്ഞുങ്ങളും ഇവർക്കൊപ്പമുണ്ട്. കുഞ്ഞുങ്ങൾക്ക് രോഗം പകരുമോ എന്ന് ആശങ്കയുണ്ടെന്നും കുഞ്ഞുങ്ങളെ പരിശോധിക്കുക പോലും ചെയ്യുന്നില്ലെന്നും അവർ പറയുന്നു. ഈ നഴ്സ് ഇന്നലെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് ദുരിതങ്ങൾ വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നഴ്സിന്റെ വീഡിയോ സന്ദേശം ഇങ്ങനെയാണ് :

കോവിഡ് 19 പോസിറ്റീവായി രാജീവ് ഗാന്ധി ആശുപത്രിയിൽ അഡ്മിറ്റായ, ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു സ്റ്റാഫാണ് ഞാൻ. എന്റെ ഹസ്ബൻഡ് നാട്ടിലാണ്. ഞാനും രണ്ടുകുഞ്ഞുങ്ങളും ഈ ആശുപത്രിയിലാണ്. കുഞ്ഞുങ്ങളെ താസിപ്പിക്കാൻ എനിക്ക് വേറൊരു മാർഗവുമില്ല. ഇവിടെ ഞങ്ങൾക്ക് ഒരു ട്രീറ്റ്‌മെന്റും കിട്ടുന്നില്ല. കുഞ്ഞുങ്ങളുടെ ടെസ്റ്റ് നടത്താൻ പോലും ആരും വന്നിട്ടില്ല. കുടവെള്ളം പോലും തരുന്നില്ല. ജനറൽ വാർഡിലാണ് ഇട്ടേക്കുന്നത്. രണ്ടുകുഞ്ഞുങ്ങളെയും കൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ല.

 

രോഗം സ്ഥിരീകരിച്ച ഓരോരുത്തരെയും ഐസൊലേഷൻ വാർഡിൽ കിടത്തേണ്ടതിനുപകരം ഒൻപത് പേരെയും ഒരുമിച്ച് ജനറൽ വാർഡിൽ കിടത്തിയിരിക്കയാണ്. ഇവരെ കാണാനോ ഭക്ഷണം എത്തിക്കാനോ അനുവദിക്കുന്നില്ലെന്ന് യുണൈറ്റ‌ഡ് നഴ്‌സസ് അസോസിയേഷൻ ഡൽഹി പ്രസിഡന്റ് റിൻസ് ജോസഫ് പറഞ്ഞു.

മൂന്നാഴ്ചയായി പനിയും ശ്വാസമുട്ടലും ഉണ്ടെന്നും കൊവിഡ് പരിശോധനയ്ക്ക് തങ്ങളെ വിധേയരാക്കണമെന്നും അല്ലെങ്കിൽ അവധിയിൽ ക്വാറന്റൈനിൽ പോകാൻ അനുവദിക്കണമെന്നും ആശുപത്രി അധികൃതരോട് നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഡൽഹി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ഇരുപതോളം തവണ മെയിൽ അയച്ചു. ആരും ചെവിക്കൊണ്ടില്ല. രോഗികൾ വർദ്ധിച്ചപ്പോൾ ഗർഭിണിയായ നഴ്‌സിനെ നിർബന്ധിച്ച്‌ ജോലിക്കെത്തിച്ചു.ഗർഭിണിയായ നഴ്‌സിന്റെ ഭർത്താവ് നാട്ടിലാണ്. ഹൃദ്രോഗിയാണ്. രണ്ട് വയസുള്ള കുഞ്ഞും ഇവർക്കുണ്ട്. തങ്ങളിൽ നിന്ന് കുട്ടികൾക്കും ഭർത്താവിനും രോഗം പകർന്നോ എന്ന ഭീതിയിലാണ് മറ്റ് നഴ്‌സുമാർ.

ആശുപത്രിയിലെ ഒരു ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മലയാളി നഴ്‌സുമാർ അടക്കം 19 പേരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്.

കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനമായ ദിൽഷാദ് ഗാർഡൻ കൊവിഡ് ഹോട്ട്സ്‌പോട്ട് ആണ്. പ്രതിരോധശേഷി കുറഞ്ഞവരാണ് കാൻസർ രോഗികകൾ. കൊവിഡ് പകരാൻ സാദ്ധ്യത കൂടുതലായിട്ടും പി.പി.ഇ. കിറ്റ് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങളൊന്നും ഇവർക്ക് ലഭ്യമാക്കിയില്ല. ഇതൊന്നും ഇല്ലാതെ രോഗികളെ ശുശ്രൂഷിച്ചതിലൂടെയാണ് നഴ്സുമാർക്ക് രോഗം പകർന്നത്.

 

Top