വിയന്ന: കൊറോണ ഭേത്തിപരത്തുമ്പോൾ ആചാരങ്ങൾക്കും വിലക്ക് .വടക്കൻ ഇറ്റലിയിൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഓസ്ട്രിയയിലും ആദ്യമായി രണ്ടു കേസുകൾ റിപ്പോർട്ട് ചെയ്തു. തുടർന്നു രാജ്യത്തിന്‍റെ പല ഭാഗത്തും സമാനമായ കേസുകൾ ഇതിനോടകം റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. അതേസമയം യൂറോപ്പിൽ കൊറോണ വൈറസ് ഒരു പകർച്ച വ്യാധിയായി തീരുമോയെന്ന ആശങ്ക ശക്തമാണ്.
വൈറസ് ബാധ തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് കർശന ജാഗ്രത ഏർപ്പെടുത്തി. ഇറ്റലിയിലേക്കുള്ള അതിർത്തി അടയ്ക്കുകയും രാജ്യാന്തരയാത്രക്കാരെ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം ജാഗ്രത നിർദ്ദേശത്തിന്‍റെ ഭാഗമായി പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ വിയന്നയിലെയും സാൽസ്ബുർഗിലെയും പ്രധാന കത്തീഡ്രലുകളിലെ പൊതുഇടങ്ങളിൽ വച്ചിരിക്കുന്ന ഹനാൻ വെള്ളം നീക്കം ചെയ്തു.
പൊതു ഇടങ്ങളിൽ അനേകം ആളുകൾ ഒരുമിച്ചു കൂടുന്നത് ഒഴിവാക്കാനും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ആളുകളോട് കഴിവതും വീടുകളിൽതന്നെ തുടരാനും സർക്കാർ കർശന നിർദ്ദേശം നല്കിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ചു ലോവർ ഓസ്ട്രിയയിലെ ഹൊള്ളാബ്രൂണിലെ ഹൈസ്കൂളിൽ ഒരു വിദ്യാർഥിക്ക് വൈറസ് സ്ഥിരീകരിച്ചതിന്‍റെ വെളിച്ചത്തിൽ അതെ സ്‌കൂളിലെ 23 വിദ്യാർഥികളെ വൈറസ് ബാധിച്ചട്ടുണ്ടാകാമെന്ന സംശയത്തിൽ പ്രത്യേക നീരിക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. നാല് അധ്യാപകരോടും വീടുകളിൽ തന്നെ കഴിയണമെന്ന് നിർദ്ദേശിച്ചട്ടുണ്ട്.
ഇപ്പോഴത്തെ നടപടികൾ മാർച്ച് 11 വരെ തുടരും. ഇതുവരെ 200 സംശയകരമായ കേസുകളാണ് ഓസ്ട്രിയയിൽ റിപ്പോർട്ട് ചെയ്തത്. സമഗ്രമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതിനുവേണ്ടി മെഡിക്കൽ സ്റ്റാഫ് സർക്കാറുമായി നിരന്തരം കൂടിക്കാഴ്‌ച നടത്തുന്നതായാണ് റിപ്പോർട്ടുകൾ. സംശയം ഉണ്ടായാൽ ആരോഗ്യപരിപാലനത്തിനുള്ള ഹെൽപ് ലൈൻ 1450 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.