യുവാവിനെ പീഡനക്കേസില്‍ കുടുക്കി; കോടതി വെറുതേ വിട്ട പ്രതി പൊലീസിനെതിരെ മാനനഷ്ടക്കേസിനൊരുങ്ങുന്നു

കൊല്ലം: കൈക്കൂലി നല്‍കാത്തവരെ കള്ളക്കേസില്‍ കുടുക്കുന്ന പൊലീസുകാര്‍ക്കു താക്കീതുമായി കൊല്ലത്തു നിന്നൊരു വാര്‍ത്ത. തന്നെ കള്ളക്കേസില്‍ കുടുക്കിയ പൊലീസുകാര്‍ക്കും എസ്‌ഐയ്ക്കുമെതിരെ മാനനഷ്ടക്കേസുമായാണ് കൊല്ലം സ്വദേശിയായ യുവാവ് മുന്നോട്ടു പോകുന്നത്. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ലബീബാ മന്‍സിലില്‍ ലിനീഷ് ലിയാഖത്താണു മാനനഷ്ടക്കേസിനൊരുങ്ങുന്നത്.
2012 ല്‍ ചാത്തന്നൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറും എ.എസ്.ഐയും ചേര്‍ന്നാണു കള്ളക്കേസെടുത്തത്. 2012 മേയ് 31 നു തന്റെ ഉടമസ്ഥതയിലുള്ള മാരുതി സ്വിഫ്റ്റ് കാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
ലിനീഷിന്റെ പേരിലുള്ള വാഹനം മറ്റൊരാള്‍ കൊണ്ടുപോയിരുന്നു. ഇയാള്‍ക്കെതിരേയായിരുന്നു യുവതിയുടെ പരാതി. പ്രതി പിന്നീട് ഗള്‍ഫിലേക്കു പോയി. കാറിന്റെ ഉടമയെന്ന നിലയിലാണ് ലിനീഷിനെതിരേ കേസെടുക്കുമെന്ന് പറഞ്ഞ് പോലീസ് ആദ്യം ഭീഷണിമുഴക്കിയത്. കേസെടുക്കാതിരിക്കാനായി വന്‍ തുക കൈപ്പറ്റി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് 2013 മേയ് 13 ന് അറസ്റ്റ് ചെയ്തു. 44 ദിവസം ജയിലില്‍ കഴിഞ്ഞശേഷമാണു ജാമ്യം ലഭിച്ചത്.
സെഷന്‍സ് കോടതിയില്‍ നടന്ന കേസില്‍ യുവതിയും അവരുടെ ഭര്‍ത്താവും ഉള്‍പ്പെടെ എട്ടു സാക്ഷികളെ പ്രോസിക്യൂഷന്‍ ഹാജരാക്കി. ഇവരെല്ലാം ലിനീഷിന് സംഭവത്തില്‍ പങ്കില്ലെന്നു തെളിവുനല്‍കി. പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചുവരുത്തിയെന്നു പറഞ്ഞ് കേസെടുത്ത പോലീസ് ലിനീഷിന്റെ ഫോണ്‍ കോളുകള്‍ പരിശോധിച്ചിരുന്നില്ല.
കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ ശാസ്ത്രീയപരിശോധന നടത്താനും പോലീസ് തയാറായില്ല. മറ്റു തെളിവുകളൊന്നും പോലീസിന് ഹാജരാക്കാനായിരുന്നില്ല. തുടര്‍ന്ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ലിനീഷിനെ വിട്ടയച്ചു. രണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ നടപടിമൂലം നിരപരാധിയായ തനിക്കു ജയില്‍വാസവും സാമ്പത്തികനഷ്ടവും മാനഹാനിയുമാണ് ഉണ്ടാക്കിയതെന്നും പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി.
ഉടന്‍ കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും ലിനീഷ് പറഞ്ഞു.

Top