തനിക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ ദളിത് പീഡനവിരുദ്ധ നിയമപ്രകാരം കേസ്സെടുക്കാന്‍ ആവശ്യപ്പെട്ട മദ്രാസ് ഹൈക്കോടതി ജഡജി സി.എസ്. കര്‍ണന്‍ എക്കാലവും വിവാദങ്ങള്‍ക്കൊപ്പമാണ് വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടത്. തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചാല്‍ കോടതിയലക്ഷ്യ കേസ്സ് എടുക്കുമെന്ന് സ്വന്തം ചീഫ് ജസ്റ്റിസിനെപ്പോലും ഭീഷണിപ്പെടുത്തിയ കര്‍ണന്‍, ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിക്കെതിരെ പരസ്യമായി ലൈംഗികാരോപണം പോലും ഉന്നയിച്ചിട്ടുണ്ട്.
കോടതിയില്‍ കീഴ്ജീവനക്കാരിയെ ഒരു ജഡ്ജി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ചാണ് ജസ്റ്റിസ് കര്‍ണന്‍ കഴിഞ്ഞവര്‍ഷം മെയ് 12ന് ചീഫ് ജസ്റ്റിസിന് കത്തുനല്‍കിയത്. താന്‍ ഉന്നയിച്ച ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ചീഫ് ജസ്റ്റിസ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു..
കേസ് നടത്തിപ്പിവെിവാദങ്ങളുടെ തോഴനാണ് ജസ്റ്റിസ് കര്‍ണന്‍ എല്ലാക്കലത്തും. സിവില്‍ കോടതികളിലെ ജഡ്ജിമാരെ നിയമിക്കുന്ന സമിതിയില്‍ ഒരു ജഡ്ജിയെ ഉള്‍പ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത ജസ്റ്റിസ് കര്‍ണന്‍ നിയമന നടപടിളെല്ലാം സ്റ്റേ ചെയ്തതും കഴിഞ്ഞവര്‍ഷം മെയ്യിലാണ്. ജഡ്ജിമാരെ നിയമിക്കുന്ന നടപടികളുമായി മുന്നോട്ടുപോയാല്‍ ചീഫ് ജസ്റ്റിക് സഞ്ജയ് കെ.കൗളിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന ചുമതലകളില്‍നിന്ന് കര്‍ണനെ സുപ്രീം കോടതി തടഞ്ഞപ്പോള്‍, സുപ്രീം കോടതിയില്‍ തനിക്കുവേണ്ടി വാദിക്കുന്നതിന് നിയമസഹായമായി അഞ്ചുലക്ഷം രൂപ നല്‍കണമെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിനോട് ആവശ്യപ്പെട്ടു. 2014 ജനുവരിയില്‍ കോടതിമുറിയിലേക്ക് കടന്നെത്തിയ ജസ്റ്റിസ് കര്‍ണന്‍, 12 അഡീഷണല്‍ ജഡ്ജിമാരുടെ നിയമനം ക്രമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു.
വിവാദമായ വിധിപ്രസ്താവങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. വിവാഹപ്രായമെത്തിയിട്ടുള്ള പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ അതിനെ വിവാഹമായി കണക്കാക്കാമെന്നും അവരെ ഭര്‍ത്താവും ഭാര്യയുമായി പരിഗണിക്കാമെന്നും ജസ്റ്റിസ് കര്‍ണന്‍ വിധിച്ചത് 2013 ജൂണിലാണ്. ഈ വിധിയെച്ചൊല്ലിയുള്ള അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതില്‍നിന്ന് മറ്റുള്ളവരെ തടഞ്ഞുകൊണ്ടും അദ്ദേഹം വിധി പ്രഖ്യാപിച്ചിരുന്നു.
ദളിത് പീഡനനിരോധന നിയമം മറ്റു ജഡ്ജിമാര്‍ക്കെതിരെ പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്ന് ജസ്റ്റിസ് കര്‍ണന്‍ ഭീഷണിപ്പെടുത്തുന്നതും ആദ്യമായല്ല. താന്‍ ദളിതനായതിനാല്‍ മറ്റു ജഡ്ജിമാര്‍ തന്നെ അധിക്ഷേപിക്കുന്നുവെന്നുകാണിച്ച് 2011 നവംബറിലും ജസ്റ്റിസ് കര്‍ണന്‍ ദേശീയ പട്ടികജാതിപട്ടികവര്‍ഗ കമ്മീഷന് പരാതി നല്‍കിയിരുന്നു.