കണ്ണൂര്‍: മുന്‍ മന്ത്രി ശശീന്ദ്രന്‍ ഫോണിലൂടെ അവഹേളിക്കുകയും ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി. മന്ത്രിമന്ദിരത്തില്‍വച്ചു ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഫോണില്‍ വിളിച്ചു നിരന്തരം മോശമായി പെരുമാറിയെന്നുമുള്ള മാധ്യമപ്രവര്‍ത്തകയുടെ പരാതിയിലാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മാജിസ്‌ട്രേറ്റ് കോടതി ഇന്നു തീര്‍പ്പുകല്‍പിക്കുക. ശശീന്ദ്രന്റെ രാജിക്കു പിന്നാലെ മംഗളം സിഇഒ ആര്‍ അജിത്കുമാര്‍ അടക്കമുള്ളവര്‍ അറസ്റ്റിലും റിമാന്‍ഡിലുമായതിനു പിന്നാലെ യുവതി കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.
അറസ്റ്റിലായ മംഗളം സിഇഒ ആര്‍ അജിത്കുമാറിനും ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍ ജയച്ചന്ദ്രനും മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതി ജാമ്യം നല്‍കിയിരുന്നു. സംപ്രേഷണം ചെയ്ത വാര്‍ത്തയ്ക്ക് ആധാരമായ തെളിവുകള്‍ നഷ്ടപ്പെട്ടെന്നാണ് അജിത്കുമാറും ജയച്ചന്ദ്രനും കോടതിയില്‍ പറഞ്ഞിരുന്നത്. അതേസമയം, തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും നിരന്തരം ഫോണില്‍ വിളിച്ചു മോശമായി പെരുമാറിയെന്നുമുള്ള യുവതിയുടെ മൊഴി കോടതിക്കു മുഖവിലയ്‌ക്കെടുക്കേണ്ടിവരും. ഇങ്ങനെവന്നാല്‍ യുവതിയുടെ മൊഴിതന്നെയായിരിക്കും ഏറ്റവും വലിയ തെളിവ്.
ശശീന്ദ്രന്റെ സ്വഭാവത്തില്‍ കാര്യമായ കുഴപ്പങ്ങളുണ്ടെന്നാണു യുവതിയുടെ മൊഴിയിലും പരാതിയിലും പറയുന്നത്. ഫെബ്രുവരി 26നാണ് ചാനല്‍ സംപ്രേഷണം ആരംഭിച്ചത്. ചാനലിന്റെ ആദ്യത്തെ ബിഗ് ബ്രേക്കിങ് വാര്‍ത്തയായിരുന്നു ശശീന്ദ്രന്റെ ലൈംഗിക ഭാഷണം. വാര്‍ത്തയെത്തുടര്‍ന്ന് അന്നുതന്നെ ശശീന്ദ്രന്‍ രാജിവയ്ക്കുകയും ചെയ്തു. പിന്നാലെ മംഗളം സിഇഒ അജിത്കുമാര്‍, മറ്റു മാധ്യമപ്രവര്‍ത്തകരായ ആര്‍ ജയച്ചന്ദ്രന്‍, കോര്‍ഡിനേറ്റിങ് എഡിറ്റര്‍ എം ബി സന്തോഷ്, എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രദീപിനും ഫിറോസിനും തുടക്കത്തില്‍തന്നെ ജാമ്യം ലഭിച്ചെങ്കിലും സന്തോഷിനും അജിതിനും ജയച്ചന്ദ്രനും ജാമ്യം നീണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ നവംബര്‍ പതിനൊന്നിനാണ് താന്‍ മന്ത്രിയായിരുന്ന ശശീന്ദ്രനെ ആദ്യം കാണുന്നതെന്നാണു യുവതി പരാതിയില്‍ പറയുന്നത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായിരുന്നു ഇത്. പറഞ്ഞ സമയത്തു മന്ത്രിയെ കാണാന്‍ പോകാന്‍ കഴിഞ്ഞില്ല. തുടര്‍ന്നു എപ്പോഴാണു വരുന്നതെന്നു ചോദിച്ചു മന്ത്രി നിരന്തരം വിളിച്ചു. ഒടുവില്‍ വൈകിട്ട് മന്ത്രിമന്ദിരത്തില്‍ ചെല്ലാന്‍ പറഞ്ഞു. മുകളിലെ മുറിയിലേക്ക് ഒറ്റയ്ക്ക് ചെല്ലാനാണു മന്ത്രി മന്ദിരത്തില്‍ എത്തിയപ്പോള്‍ തന്നോടാവശ്യപ്പെട്ടത്. അവിടെ കസേരയില്‍ ഇരുന്നു കാലുകള്‍ ടീപ്പോയില്‍ കയറ്റിവച്ചിരിക്കുന്ന മന്ത്രിയെയാണു കണ്ടത്. തന്നോട് അഭിമുഖമായി ഇരിക്കാനാണു മന്ത്രി അപ്പോള്‍ പറഞ്ഞത്.
വാര്‍ത്തയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നുമല്ല മന്ത്രി സംസാരിച്ചത്. താന്‍ സുന്ദരിയാണെന്നും എത്രവയസുണ്ടെന്നുമാണു ചോദിച്ചത്. ഇരുപത്തൊമ്പതു വയസുണ്ടെന്നു പറഞ്ഞപ്പോള്‍ ഇനി വരുന്ന ദിവസങ്ങളില്‍ വിദേശയാത്ര പോവുകയാണെന്നും തന്റെ കൂടെ വരുന്നോ എന്നും ചോദിച്ചു. ശ്രീലങ്കയിലേക്കാണു പോകുന്നതെന്നും അവിടത്തെ സ്ത്രീകളുടെ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരമൊരുക്കാമെന്നുമായിരുന്നു വാഗ്ദാനം. എന്നാല്‍ താന്‍ കേരളത്തിലെ സ്ത്രീകള്‍ ബസ് യാത്രയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാനാണു വന്നതെന്നായിരുന്നു യുവതിയുടെ മറുപടി. അതൊക്കെ അവിടെ നില്‍ക്കട്ടേയെന്നായിരുന്നു ശശീന്ദ്രന്‍ മന്ത്രി പറഞ്ഞത്. എന്റെ കുടുംബം പുറത്തുപോയിരിക്കുകയാണ്. സുന്ദരിക്കുട്ടി ചോദിക്കുന്നത് എന്തും ഞാന്‍ ചെയ്തു തരും. എന്നിട്ട് അദ്ദേഹം എന്റെ അടുത്ത് വരികയും എന്റെ തോളില്‍ കൈവച്ച് ഇനി പറയൂ എന്നും പറഞ്ഞു. ഞാന്‍ പരിഭ്രമിച്ച് ഞാന്‍ പോക്കോട്ടെ എന്ന് ചോദിച്ചു. നിന്റെ ജീവിതമാകെ മാറി മറിയാന്‍ പോകുകയാണെന്നും നിനക്ക് നല്ല സമയം വരികയാണെന്നുമായിരുന്നു അപ്പോള്‍ മന്ത്രിയുടെ മറുപടി.
സര്‍ക്കാര്‍ ഉദ്യോഗം തരപ്പെടുത്തി തരാമെന്നും പേഴ്‌സണല്‍ റൂമിലേക്ക് ഇരിക്കാനും പറഞ്ഞു. ഒന്ന് കെട്ടിപിടിച്ച് ചുംബിച്ചോട്ടെ എന്നും ചോദിച്ചു. മുണ്ടഴിച്ച് ജനനേന്ദ്രിയം കാണിച്ചു. ഇറങ്ങി ഓടി സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ വിശദീകരിച്ചു. പരിഭ്രമിച്ച തന്നെ പിന്നീട് വിളിച്ച് കാണിച്ചത് ശരിയല്ലെന്നും ചാനലിലെ ജോലി നഷ്ടമാക്കുമെന്നും ഭീഷണിപ്പെടുത്തി. ഈ വിവരം താന്‍ ചാനല്‍ മേധാവിയെ അറിയിച്ചു. വനിതാ കമ്മീഷന് പരാതി നല്‍കണമെന്നും പറഞ്ഞു. എന്നാല്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയാല്‍ പേരും മറ്റും പത്രത്തില്‍ അടിച്ചു വരുമെന്നും ഇനിയും വിളിക്കുകയാണെങ്കില്‍ നമുക്ക് നോക്കാമെന്നും ചാനല്‍ മേധാവി പറഞ്ഞു. ഇതോടെ മാനസികമായി തളര്‍ന്നു. എന്റെ മാനസിക വിഷമം തീര്‍ക്കാന്‍ മന്ത്രിയെ വീണ്ടും വിളിച്ചു. സാറിനെ പിതൃതുല്യനായാണു കണ്ടെതെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞു. അപ്പോള്‍ മന്ത്രി ക്ഷമ ചോദിക്കുകയും എന്തു വേണമെങ്കിലും ചെയ്തു തരാമെന്നും അറിയിച്ചു. ഇതില്‍ വിശ്വസിച്ച് താന്‍ ജോലിയില്‍ മുഴുകി.
പിന്നീടും ശശീന്ദ്രന്‍ വിളി തുടങ്ങി. രാത്രിയിലും വെളുപ്പാന്‍കാലവും വിളിച്ച് അറപ്പും വെറുപ്പും ഉണ്ടാക്കുന്ന രീതിയില്‍ സംസാരിച്ചു. വിദേശത്തേക്ക് ടൂറിനും ക്ഷണിച്ചു. ലൈംഗികച്ചുവയുള്ള സംഭാഷണം തുടര്‍ന്നു. അപ്പോള്‍ വീണ്ടും ചാനല്‍ മേധവിയോട് പരാതി പറഞ്ഞു. അദ്ദേഹമാണു സഹപ്രവര്‍ത്തകനായ ജയചന്ദ്രനോട് കാര്യങ്ങള്‍ അവതരിപ്പിച്ചത്. ഫോണ്‍ സംഭാഷണം കൈമാറുകയും ചെയ്തു. ഈ വിഷയം മംഗളം ചാനല്‍ സംപ്രേഷണം ചെയ്തപ്പോള്‍ താന്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യാമെന്ന് മേധാവിയോട് പറഞ്ഞെങ്കിലും അനുമതി ലഭിച്ചില്ല.