സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡിൽ രാജ്യം ആശ്വാസ തീരത്തേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 39,796 പേർക്കാണ്. 723 മരണങ്ങളാണ് കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് മരണ നിരക്കാണിത്.
അതേസമയം 42352 പേർ രോഗമുക്തി നേടി. തുടർച്ചയായി 53ാം ദിവസമാണ് രോഗികളേക്കാൾ ഏറെ പേർ രോഗമുക്തി നേടിയത്.
കേരളത്തിലാണ് (12,100) ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര (9,336), തമിഴ്‌നാട് (3867), ആന്ധ്രപ്രദേശ് (3175), ഒഡീഷ (2870) എന്നീ സംസ്ഥാനങ്ങളാണ് പിറകിൽ. മഹാരാഷ്ട്രയിലാണ് (306) ഏറ്റവും കൂടുതൽ പേർ മരിച്ചത്.
രാജ്യത്ത് 3.05 കോടി പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 4.02 ലക്ഷം പേർ മഹാമാരിക്ക് മുമ്ബിൽ കീഴടങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.61 ശതമാനമാണ്. തുടർച്ചയായി 28ാം ദിവസമാണ് ടി.പി.ആർ അഞ്ചിൽ താഴെ രേഖപ്പെടുത്തുന്നത്.
അതേസമയം 35 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു കഴിഞ്ഞു. പ്രായപൂർത്തിയായ എല്ലാവരെയും ഈ വർഷം അവസാനത്തോടെ വാക്‌സിനേഷന് വിധേയമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.