സ്വന്തം ലേഖകൻ
ന്യൂഡൽഹി: കോവിഡ് തുടക്കത്തിൽ ശ്വാസകോശത്തെ മാത്രം സാരമായി ബാധിച്ചിരുന്ന രോഗമായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡ് ബാധിച്ചവരിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനും സാധ്യതയേറെയാണ്.
ഇപ്പോഴിതാ രക്തംക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് കോവിഡ് രോഗിയുടെ നില ഗുരുതരമാക്കുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ രംഗത്ത്. ഇത് മരണം വരെ സംഭവിക്കാൻ ഇടയാക്കുമെന്നും വിദഗ്ധർ പറയുന്നു. ശ്വാസകോശ പ്രവർത്തനങ്ങൾ ബാധിക്കപ്പെടുന്നതിന് പുറമെ കോവിഡ് രോഗികളിൽ 14 മുതൽ 28 ശതമാനം പേരിൽ ഡീപ് വെയിൻ ത്രോംബോസിസ്(ഡി.വി.റ്റി) ഉം 2 മുതൽ 5% പേരിൽ ആർട്ടേറിയൽ ത്രോംബോസിസും കണ്ടുവരുന്നുണ്ടെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
ശരീരത്തിലെ ആഴത്തിൽ സ്ഥിതിചെയ്യുന്ന സിരകളിലുണ്ടാകുന്ന രക്തം കട്ടപിടക്കലാണ് ഡിവിടി. അതേസമയം ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് വിവിധ ഭാഗങ്ങളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് ആർട്ടേറിയൽ ത്രോംബോസിസ്.
ടൈപ്പ്2 പ്രമേഹരോഗികളിൽ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനുള്ള പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്. ഡൽഹിയിലെ പ്രമുഖ ആശുപത്രിയിലെ കാർഡിയോതൊറാസിക് വാസ്‌കുലർ കൺസൾട്ടന്റായ ഡോക്ടർ അമരീഷ് കുമാറാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്.മേൽപ്പറഞ്ഞവയ്ക്ക് പുറമെ അപൂർവമായി മാത്രം കണ്ടുവരുന്ന രക്തം കട്ടപിടിക്കലാണ് സെറിബ്രൽ വെനസ് ത്രോംബോസിസ്(സി.വി.റ്റി).
മസ്തിഷ്‌കത്തിലെ രക്തക്കുഴലിൽ രക്തം കട്ടപിടിക്കുന്നതാണ് ഈ അവസ്ഥ. സി.വി.റ്റി. റിപ്പോർട്ട് ചെയ്യപ്പെടുന്നവരിൽ മുപ്പത് ശതമാനത്തോളം കോവിഡ് രോഗികളും മുപ്പത് വയസിന് താഴെ പ്രായമുള്ളവരാണെന്നാണ് കണ്ടെത്തൽ. ഇത് ആരോഗ്യവിദ്ഗധരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.