
കൊച്ചി:രാജ്യത്ത് ആശങ്കാജനകമാണ് കോവിഡ് വളർച്ച .കേരളത്തിൽ ഇന്ന് ഇതുവരെ നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കാസർഗോഡ്്, പത്തനംതിട്ട, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. ഇതിനിടെ തൃശൂർ കൊടുങ്ങല്ലൂരിൽ ക്വാറന്റീനിൽ ഇരുന്ന ആൾ തൂങ്ങി മരിച്ചു.
ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് കൊവിഡ് ബാധിച്ച് മരിച്ചു. 21 വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ ഇന്നലെ രാത്രിയായിരുന്നു മരണം. വൃക്കരോഗിയായിരുന്നു. ബേക്കൽ കുന്ന് സ്വദേശി മുനവർ റഹ്മാൻ ആണ് കാസർഗോഡ് കൊവിഡ് ബാധിച്ച് മരിച്ചത്. 22 വയസായിരുന്നു. രക്താർബുദത്തെ തുടർന്ന് മുനവർ റഹ്മാൻ രണ്ട് വർഷമായി ചികിത്സയിലായിരുന്നു. പത്തനംതിട്ട ചുരുളിക്കോട് സ്വദേശിനി സരസമ്മ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. 68 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉസ്മാനും കൊവിഡ് ബാധിച്ച് മരിച്ചു. വൃക്കരോഗിയായിരുന്നു. ഇതിനിടെ കൊടുങ്ങല്ലൂരിൽ ക്വാറന്റീനിൽ ഇരുന്ന ആൾ തൂങ്ങി മരിച്ചു. 53 വയസുള്ള ഷാജിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സുഹൃത്തിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു നിരീക്ഷണത്തിൽ പോയത്. കഴിഞ്ഞ ദിവസം ഇയാളുടെ ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 86432 പേര്‍ക്ക് കൊവിഡ്. 70,072 പേര്‍ക്ക് രോഗമുക്തി നേടി. ഇന്ത്യയില്‍ ആകെ 40,23,179 കൊവിഡ് രോഗികള്‍. ആകെ മരിച്ചവരുടെ എണ്ണം 69,561 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 1089 മരണം. റെക്കോർഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതിനിടെ കൊവിഡ് പരിശോധനകളുടെ മാനദണ്ഡം ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു.
തുടർച്ചയായ മൂന്നാം ദിവസവും രോഗബാധിതരുടെ എണ്ണം എൺപതിനായിരതിന് മുകളിൽ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 86,432 പേർക്ക് രോഗം സ്ഥിരീകരിച്ചു.1089 പേർ മരിച്ചു. പ്രതിദിന കേസുകളിലെ റെക്കോർഡ് വർധനവാണിത്. ആകെ രോഗബാധിതരുടെ എണ്ണം 40,23,179 ആയി. മരണസംഖ്യ 69,561 ആയി ഉയർന്നു.ആദ്യ കേസ് റിപ്പോർട്ട് ചെയ്ത 219 ആം ദിവസമാണ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടക്കുന്നത്.മഹാരാഷ്ട്ര,ആന്ധ്ര, കർണാടക തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി അര ലക്ഷത്തിലധികം കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു .ഡൽഹി, പശ്ചിമബംഗാൾ, തെലങ്കാന, അസം, ഒഡിഷ സംസ്ഥാനങ്ങളിൽ രോഗം അതിവേഗം പടരുകയാണ്.രോഗമുക്തി നിരക്ക് 77.23 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.73 ശതമാനമായി കുറഞ്ഞു.
രോഗ സംശയമുള്ളവർക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ കൊവിഡ് പരിശോധന നടത്താമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കി. കൂടാതെ രാജ്യങ്ങളോ സംസ്ഥാനങ്ങളോ വിട്ടുള്ള യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതുന്നത് ഉചിതമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.