കൊവിഡ് വ്യാപനം അതിരൂക്ഷം; കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കേരളത്തിലേക്ക്

ന്യുഡൽഹി : കൊവിഡ് വ്യാപനം ശക്തമായിക്കൊണ്ടിരിക്കുകയാണ് കേരളത്തിൽ. കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ള സംഘം തിങ്കളാഴ്ച കേരളത്തിലെത്തും. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രതിരോധന നടപടികള്‍ വിപുലീകരിക്കാനാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം. കേന്ദ്ര ആരോഗ്യമന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം പതിനാറാം തിയ്യതിയാണ് മന്‍സുഖ് മാണ്ഡവ്യ കേരളത്തില്‍ എത്തുക. രാജ്യത്ത് കൊവിഡ് വ്യാപനം കുറയാത്ത എല്ലാ സംസ്ഥാനങ്ങളും ആരോഗ്യമന്ത്രി നേരിട്ട് സന്ദര്‍ശിക്കും. ആരോഗ്യമന്ത്രി ആദ്യം എത്തുന്നത് കേരളത്തിലാണ്.

ഈ മാസം 16, 17 തിയതികളിലായാണ് കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ സന്ദര്‍ശനം. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നാല്പത് ശതമാനം കേസുകളും കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സംസ്ഥാനത്ത് പത്ത് ശതമാനത്തില്‍ മുകളില്‍ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്‍സിഡിസി മേധാവി, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം മന്‍സുഖ് മാണ്ഡവ്യയ്ക്ക് ഒപ്പമുണ്ടാകും. നിലവില്‍ രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുളള സംസ്ഥാനമാണ് കേരളം. വാക്‌സിനേഷന്‍ സംസ്ഥാനത്ത് വേഗത്തില്‍ നടക്കുന്നുണ്ടെങ്കിലും കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുന്നില്ല. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും ഇരുപതിനായിരത്തിന് മുകളില്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കേരളത്തിലെത്തുന്ന കേന്ദ്ര ആരോഗ്യമന്ത്രിയും സംഘവും സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍, ചീഫ് സെക്രട്ടറി എന്നിവരുമായും കേന്ദ്രത്തില്‍ നിന്നുളള വിദഗ്ധ സംഘം കൂടിക്കാഴ്ച നടത്തും. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പോലും സംസ്ഥാനത്ത് കൊവിഡ് കണ്ടെത്തുന്നുണ്ട് മാത്രമല്ല നേരത്തെ കൊവിഡ് മരണ നിരക്ക് പിടിച്ച് നിര്‍ത്തിയിരുന്ന സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് മരണങ്ങളും കുറവില്ലാതെ തുടരുകയാണ്. ഈ ഗുരുതര സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാനം സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് വിലയിരുത്താനുളള കേന്ദ്ര മന്ത്രിയുടെ നീക്കം. സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകുന്നില്ലെന്ന് നേരത്തെ കേന്ദ്രം വിമര്‍ശനം ഉന്നയിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് വേണ്ടിയുളള മാര്‍ഗരേഖ കേന്ദ്ര സംഘം കേരളത്തിന് കൈമാറിയേക്കും.

ഇന്ന് 5.35 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് കേരളം. എന്നാല്‍ വാക്‌സിന്‍ ക്ഷാമം കേരളത്തില്‍ വലിയ പ്രതിസന്ധിയാണ് പലപ്പോഴും സൃഷ്ടിക്കുന്നത്. കൂടുതല്‍ വാക്‌സിന്‍ കേരളത്തിന് അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയുമായുളള ചര്‍ച്ചയില്‍ സംസ്ഥാനം ആവശ്യപ്പെട്ടേക്കും. ഇന്ന് സംസ്ഥാനത്ത് 20,452 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.35 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,501 സാമ്പിളുകളാണ് പരിശോധിച്ചത്. 114 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 18,394 ആയി. ചികിത്സയിലായിരുന്ന 16,856 പേര്‍ രോഗമുക്തി നേടി. 1,80,000 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,53,174 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Top