
കൊച്ചി:പത്തനംതിട്ട ആറന്മുളയിൽ കൊവിഡ് ബാധിച്ച യുവതിയെ ആംബുലൻസിൽ ക്രൂരമായി പീഡിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ചികിത്സാ കേന്ദ്രത്തിലേക്ക് പോകും വഴിയാണ് പീഡനം നടന്നത്. കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച ഡ്രൈവർ സംഭവത്തിന് ശേഷം ഇരയോട് ക്ഷമാപണം നടത്തിയെന്ന് പൊലീസ്. ചെയ്തത് തെറ്റായിപ്പോയെന്നും ആരോടും പറയരുതെന്നുമാണ് ഇയാൾ പെൺകുട്ടിയോട് അപേക്ഷിച്ചത്. പ്രതി ക്ഷമാപണം നടത്തിയത് പെൺകുട്ടി കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. ഈ വീഡിയോ കേസ് അന്വേഷണത്തില്‍ നിർണായക തെളിവാണെന്ന് എസ്.പി. കെ ജി സൈമൺ മാധ്യമങ്ങളോട് പറഞ്ഞു.
കായംകുളം സ്വദേശിയായ നൗഫലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ കൊലക്കേസ് പ്രതിയാണെന്നും പൊലീസ് പറഞ്ഞു. പന്തളം സ്വദേശിയായ പെൺകുട്ടിക്ക് അടൂരിലെ ബന്ധുവീട്ടിൽ വച്ചാണ് രോഗം ബാധിച്ചത്. പെൺകുട്ടിയുമായി അടൂർ ജനറൽ ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അവിടെ നിന്ന് മറ്റൊരു കോവിഡ് പോസിറ്റീവ് ആയ സ്ത്രീയുമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തി. ഇവിടെ രണ്ടാമത്തെ സ്ത്രീയെ ഇറക്കിയ ശേഷം പീഡനത്തിന് ഇരയായ പെൺകുട്ടിയുമായി ആംബുലൻസ് പന്തളത്തേക്ക് മടങ്ങി. ആറന്മുള വിമാനത്താവള പ്രദേശത്തിന് സമീപം ആംബുലൻസ് നിർത്തിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.
സംഭവത്തിന് ശേഷം പെൺകുട്ടിയെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ആംബുലൻസിൽ തന്നെ എത്തിച്ചു. ഇവിടെ ഇറങ്ങിയ പെൺകുട്ടി അലറി നിലവിളിച്ചാണ് ആശുപത്രിക്ക് ഉള്ളിലേക്ക് കയറിയത്. പന്തികേട് മനസ്സിലായ ആംബുലൻസ് ഡ്രൈവർ ഈ സമയം വാഹനവുമായി കടക്കുകയായിരുന്നു. അധികൃതർ വിവരം അറിയിച്ചത് അനുസരിച്ച് ഇയാളെ റോഡിലിട്ട് അടൂർ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയായ നൗഫലിനെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രി കെ കെ ശൈലജ നിർദേശം നൽകി. പ്രതിയ്ക്ക് കടുത്തശിക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.