കൊവിഡിനിടെ ഡെങ്കിപ്പനിയും എലിപ്പനിയും പടരാതിരിക്കാൻ പ്രതിരോധ പ്രവർത്തനവുമായി ആർപ്പൂക്കരയിലെ ആരോഗ്യ വകുപ്പ്; പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ സജീവമാക്കി

കോട്ടയം: കൊവിഡ് മഹാമാരി പടർന്നു പിടിക്കുമ്പോൾ മഴക്കാലത്ത് മറ്റു രോഗങ്ങൾ കൂടി എത്താതിരിക്കാൻ ക്ലീനിംങ് ചലഞ്ച് ക്യാമ്പെയിനുമായി ആർപ്പൂക്കരയിലെ ആരോഗ്യ വകുപ്പ്. കൊവിഡിനൊപ്പം മറ്റു മഹാമാരികളെ തടയുക എന്ന ലക്ഷ്യത്തോടെ ആർപ്പൂക്കര പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി പ്രകാരം ഇന്നലെ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു.

പൊട്ടിയ പാത്രങ്ങൾ, മുട്ടത്തോട്,ചിരട്ട, വെള്ളം സംഭരിച്ചു വച്ചിരിക്കുന്ന പാത്രങ്ങൾ, ഐസ് ക്രീം ബോളുകൾ തുടങ്ങി കൊതുക് മുട്ടയിട്ടു പെരുകാൻ ഇടയാക്കുന്ന മുഴുവൻ സാഹചര്യങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ മാലിന്യ നിർമാർജനവും ശുചീകരണ പ്രവർത്തനവും നടത്തിയത്. ഇതിന്റെ ഭാഗമായി ആർപ്പൂക്കര പഞ്ചായത്തിലെ ജനങ്ങളും, സംഘടനകളും സന്നദ്ധ പ്രവർത്തകരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വരും ദിവസങ്ങളിൽ വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രധാന സ്ഥലങ്ങളിലെ ഓടകൾ , മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കും. പൊതുകിണർ ഉൾപ്പെടെ പഞ്ചായത്തിലെ മുഴുവൻ കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യും. സന്നദ്ധ പ്രവർത്തകരും ആഷമാരും ആരോഗ്യ പ്രവർത്തകരും വീടുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ബോധവൽക്കരണത്തിനുള്ള നോട്ടീസുകൾ വിതരണത്തിന് സജ്ജമായിക്കഴിഞ്ഞു.

പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് റോസിലിൻ ടോമിച്ചൻ, വൈസ് പ്രസിഡന്റ് ലൂക്കോസ് ഫിലിപ്പ്, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ദീപാ ജോസ്, വാർഡ് മെമ്പർമാരായ കെ.കെ ഹരിക്കുട്ടൻ, സുനിതാ ബിനു, ഓമന സണ്ണി, മെഡിക്കൽ ഓഫീസർ ഡോ. റോസിലിൻ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി മനോജ് ചന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ കെ.സി, സി.ഡി.എസ് ചെയർപേഴ്സൺ സുശീല സുരേഷ് ആഷാവർക്കർമാർ എന്നിവർ നേതൃത്വം നൽകി.

 

Top