സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും കൂടുതൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരളം, തമിഴ്‌നാട് തുടങ്ങിയ എട്ട് സംസ്ഥാനങ്ങളിലാണ് നിലവിൽ കോവിഡ് വ്യാപനം വർദ്ധിച്ച നിലയിൽ തുടരുന്നത്.
കേരളത്തിലാണ് സ്ഥിതി അതീവഗുരുതരം. അതിനാൽ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പും കേന്ദ്രം നൽകി.ഒരാളിൽ നിന്ന് ഒന്നിലധികം ആളുകൾക്ക് കോവിഡ് വ്യാപിക്കുന്നത് കേരളമടക്കമുള്ള എട്ട് സംസ്ഥാനങ്ങളിലാണ്.
അതായത് നൂറ് കോവിഡ് രോഗികളിൽ നിന്ന് നൂറിലധികം ആളുകൾക്കാണ് പുതിയതായി കോവിഡ് ബാധിക്കുന്നത്. ഈ സാഹചര്യത്തിൽ കോവിഡ് വ്യാപന തോത് കൂടിയ അളവിലായിരിക്കും. അതേസമയം, നൂറ് കോവിഡ് രോഗികളിൽ നിന്ന് നൂറിൽ കുറവ് ആളുകളിലേക്ക് മാത്രമാണ് കോവിഡ് വ്യാപിക്കുന്നതെങ്കിൽ വ്യാപന തോത് കുറയുകയാണ്. ഈ പ്രവണത പ്രകടമായാൽ മാത്രമേ കോവിഡ് തരംഗം അവസാനിച്ചുവെന്ന് പറയാനാകൂ.
എന്നാൽ, കേരളം, തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ വ്യാപന തോത് കൂടി തന്നെ നിൽക്കുന്നതിനാൽ രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്രം പറയുന്നത്.
രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് പ്രകടമാണെ്.എന്നാൽ എട്ട് സംസ്ഥാനങ്ങളിലെ പ്രവണത മറിച്ചാണ്.