സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് 18 നും 44 നുമിടയിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്‌സിനേഷൻ നാളെ മുതൽ. ഹൃദ്രോഗമുൾപ്പടെ ഗുരുതര അസുഖമുള്ളവർക്ക് ആദ്യ പരിഗണന. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശം പുറത്തിറക്കി.
ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാകും വാക്‌സിനേഷൻ നൽകുക. ചികിത്സാ രേഖകളും അപേക്ഷകളും ജില്ലാതലത്തിൽ പരിശോധിക്കും. സ്‌പോട് രജിസ്‌ട്രേഷൻ നിർത്തലാക്കും. ആദ്യ ഡോസും രണ്ടാം ഡോസും ഓൺലൈനിലുടെ മാത്രം. 18 44 വരെയുള്ളവർക്കായി പ്രത്യേക ക്യൂ അനുവദിക്കും.
വാക്‌സിനേഷനായി രജിസ്റ്റർ ചെയ്യുന്നവരെ എസ്.എം.എസ് മുഖേനെ വാക്‌സിൻ കേന്ദ്രമുൾപ്പടെയുള്ള വിവരമറിയിക്കും. രജിസ്‌ട്രേഷൻ അപേക്ഷകൾ ജില്ലാ തലത്തിൽ പരിശോധിക്കും. വാക്‌സിനേഷനായി ഇതുവരെ 33,078 പേരാണ് രജിസ്റ്റർ ചെയ്തത്.
45ന് താഴെയുള്ളവർക്കായി വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പ്രത്യേകം കൗണ്ടർ സജ്ജമാക്കും. ഗുരുതര സ്വഭാവമുള്ള 20 രോഗങ്ങളിലേതെങ്കിലുമുള്ളവർക്കാണ് മുൻഗണന. അപേക്ഷക്കൊപ്പമുള്ള ഡോക്ടറുടെ സാക്ഷ്യപത്രം പരിശോധിച്ച് ഇതുവരെ മുപ്പതിൽ താഴെ അപേക്ഷകളാണ് ആരോഗ്യവകുപ്പ് അംഗീകരിച്ചത്.
വാക്‌സിനേഷന് എസ്.എം.എസ്, തിരിച്ചറിയൽ രേഖ, രോഗബാധിതനാണെന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. ഇവർക്കായി കുത്തിവെപ്പ് കേന്ദ്രങ്ങളിൽ പ്രത്യേക കൗണ്ടർ സജ്ജമാക്കും. പ്രത്യേക വരി നിർത്തണമെന്നും നിർദ്ദേശമുണ്ട്.