ന്യൂഡല്‍ഹി: കോവിഡ് 19 വാക്സിനുള്ള കാത്തിരിപ്പ് ഇനിയും തുടരണം എന്ന് തന്നയാണ് റിപ്പോർട്ട് .അതിനിടെ കൊറോണ വൈറസിനെതിരെ മനുഷ്യരില്‍ നടത്തിയ ആദ്യ വാക്സിന്‍ പരീക്ഷണം സുരക്ഷിതമെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു .ആഡ്5–എൻകോവ് എന്ന വാക്സിനാണ് ആദ്യമായി കൊറോണ വൈറസിനെതിരെ പരീക്ഷിച്ചത്. ഈ പരീക്ഷണത്തിന് വിധേയരായവര്‍ അതിവേഗം രോഗപ്രതിരോധ ശേഷി നേടിയതായും റിപ്പോര്‍ട്ടുണ്ട്. പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണമായ ‘ദി ലാൻസെറ്റി’ലെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ചൈനയിലെ ജിയാങ്സു പ്രോവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ പ്രഫസർ ഫെങ്ചായ് ഷുവിന്റെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.
അതേസമയം കോവിഡ് വെല്ലുവിളിയെക്കുറിച്ച്,വാക്സിൻ പരീക്ഷണങ്ങളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ സൗത്ത് – ഈസ്റ്റ് ഏഷ്യ റീജനൽ ഡയറക്ടർ ഡോ. പൂനം ഖേത്രപാൽ സിങ് ചില നിർണായക വെളിപ്പെടുത്തലുകൾ നടത്തി .ജൂൺ 17 വരെയുള്ള കണക്കനുസരിച്ച്, പ്രീ – ക്ലിനിക്കൽ ഘട്ടത്തിലുള്ളത് (മരുന്നിന്റെ ശേഷി മൃഗങ്ങളിൽ പരീക്ഷിക്കുന്ന) 128 വാക്സിനുകളാണ്. ആദ്യഘട്ടം പിന്നിട്ട് മനുഷ്യരിൽ പരീക്ഷിക്കുന്ന ക്ലിനിക്കൽ ഘട്ടത്തിലുള്ളത് 13 വാക്സിനുകളും.
ഇതിൽ, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് അസ്ട്രസെനെക ഫാർമസ്യൂട്ടിക്കൽ കമ്പനി വികസിപ്പിച്ച വാക്സിൻ, യുഎസിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്‌ഷിയസ് ഡിസീസസുമായി ചേർന്ന് മോഡേണ കമ്പനി കണ്ടെത്തിയ കുത്തിവയ്പ്, ബെയ്ജിങ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുമായി ചേർന്നു ചൈനീസ് കമ്പനി കൻസിനോ ബയോ നിർമിച്ച മരുന്ന് എന്നിവ ക്ലിനിക്കൽ പരീക്ഷണത്തിലെ അവസാന രണ്ടു ഘട്ടങ്ങളിലാണ്. വർഷാവസാനത്തോടെ വാക്സിൻ ലഭ്യമാകുമെന്നാണു പ്രതീക്ഷ. നിലവിലെ സാഹചര്യം നേരിടാൻ ഇവ പര്യാപ്തമാകുമോ എന്നത് പരീക്ഷണഘട്ടത്തിൽ പറയാനാകില്ല.
പുതിയ വാക്സിൻ വിപണിയിലെത്താൻ എത്രസമയം എടുക്കും.
സാധാരണ രീതിയിൽ വർഷങ്ങൾ. അടിയന്തര സാഹചര്യമായതിനാൽ വേഗം കൂട്ടിയാലും കോവിഡ് 19 വാക്സിനു സമയമെടുക്കും. സുരക്ഷിതവും ഫലപ്രദവും അതുപോലെ എല്ലാവർക്കും പ്രാപ്യവുമായ മരുന്നിനായി തീവ്രശ്രമം തുടരുകയാണ്.
ആരോഗ്യമുള്ളവരുടെ ചെറു ഗ്രൂപ്പുകളിൽ വാക്സിൻ പരീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒന്നാം ഘട്ടം, കൂടുതൽ വലിയ സംഘങ്ങളെ തിരഞ്ഞെടുത്തു കുത്തിവയ്പു നടത്തി രോഗം മാറുന്നുണ്ടോ എന്നറിയുന്ന രണ്ടാം ഘട്ടം, പിഴവുകളെല്ലാം തീർത്ത വാക്സിൻ അനേകം പേരിൽ പരിശോധിച്ച് ഫലപ്രദമെന്നു തെളിയിക്കുന്ന മൂന്നാം ഘട്ടം എന്നിങ്ങനെ ക്ലിനിക്കൽ പരീക്ഷണത്തിൽ 3 ഘട്ടങ്ങളാണു പിന്നിടേണ്ടത്. ഇവയ്ക്കെല്ലാം പലതരം നിയമാനുമതികളും നേടണം. ഒടുവിലാണ് ലൈസൻസ് എടുക്കുകയും വിപണിയിൽ മരുന്ന് എത്തിക്കുകയും ചെയ്യുക. വിപണിയിലെത്തിയാലും വാക്സിന്റെ ശേഷി നിരന്തരം വിലയിരുത്തും.
തുടക്കത്തിൽ കോവിഡിനെതിരെ വ്യാപകമായി ഉപയോഗിച്ച ഹൈഡ്രോക്സി ക്ലോറോക്വിൻ (എച്ച്‌സിക്യു) പിന്നീട് എന്തുകൊണ്ടാണു വേണ്ടെന്നു നിർദേശിച്ചത്.ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ രാജ്യാന്തര തലത്തിൽ കോവിഡ് മരുന്ന് ക്ലിനിക്കൽ പരീക്ഷണം (സോളിഡാരിറ്റി ട്രയൽ) നടത്തുന്നുണ്ട്. അതിൽ, ഹൈഡ്രോക്സി ക്ലോറോക്വിൻ പരീക്ഷണച്ചുമതലയുള്ള എക്സിക്യൂട്ടീവ് ഗ്രൂപ്പാണ് ഇനി ഈ മരുന്നിന്റെ പരീക്ഷണം വേണ്ട എന്നു തീരുമാനിച്ചത്. ലോകാരോഗ്യ സംഘടന നേരിട്ടല്ല. രോഗികളിലെ മരണനിരക്കു കുറയ്ക്കാൻ എച്ച്സിക്യു സഹായിക്കില്ലെന്നു കണ്ടെത്തിയതിനെ തുടർന്നാണു വിദഗ്ധരുടെ തീരുമാനം. എന്നാൽ, രോഗപ്രതിരോധത്തിന് ഇത് ഉപയോഗിക്കുന്നതോ ഇക്കാര്യത്തിൽ ഫലപ്രദമാണോ എന്നറിയാൻ പരീക്ഷണം നടത്തുന്നതോ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടില്ല.