ഡല്‍ഹി: യുവാക്കള്‍ക്കിടയിലെ പെട്ടെന്നുള്ള മരണത്തിന് കാരണം കോവിഡ് വാക്‌സിന്‍ അല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്( ഐ.സി.എം.ആര്‍). യുവാക്കള്‍ക്കിടയില്‍ മരണം വര്‍ധിക്കുന്നത് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചതിനു ശേഷമാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഐ.സി.എം.ആറിന്റെ പഠനറിപ്പോര്‍ട്ട് പുറത്തുവരുന്നത്. പാരമ്പര്യം, ജീവിത ശൈലി എന്നിവയാകാം മരണകാരണമെന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.
നേരെമറിച്ച്, വാക്‌സിന്‍ കുറഞ്ഞത് ഒരു ഡോസ് സ്വീകരിക്കുന്നത് യഥാര്‍ത്ഥത്തില്‍ അത്തരം മരണങ്ങളുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം വ്യക്തമാക്കുന്നു.
2021 ഒക്ടോബര്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെ രാജ്യത്തെ 47 ആശുപത്രികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം നടത്തിയത്. അറിയപ്പെടാത്ത അസുഖങ്ങളൊന്നും കൂടാതെ, വിശദീകരിക്കാനാകാത്ത കാരണങ്ങളാല്‍ പെട്ടെന്ന് മരിക്കുകയും ചെയ്ത 18നും 45നും ഇടയില്‍ പ്രായമുള്ളവരുടെ കേസുകള്‍ സംബന്ധിച്ചായിരുന്നു പഠനം. 729 കേസുകളാണ് പഠനവിധേയമാക്കിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പെട്ടെന്നുള്ള മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ വെളിപ്പെടുത്തി. ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും സമാനമായ സംരക്ഷണമുണ്ടാകില്ലെങ്കിലും സാധ്യത കുറവാണ്.
പെട്ടെന്നുള്ള മരണ സാധ്യത വര്‍ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ പഠനം കണ്ടെത്തിയിട്ടുണ്ട്. പെട്ടെന്നുള്ള മരണം സംഭവിച്ചതിന്റെ കുടുംബ പാരമ്പര്യം, മരണത്തിന് 48 മണിക്കൂറിനുള്ളില്‍ അമിതമായി മദ്യപിച്ചത്, മരണത്തിന് 48 മണിക്കൂറിനുള്ളില്‍ കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ എന്നിവ ഇതിലുള്‍പ്പെടുന്നു.