പോത്തിനെ ഒഴിവാക്കില്ല, ഒരു ഭേദഗതിക്കും തയ്യാറല്ല: കേന്ദ്രം; ശക്തമായ എതിര്‍പ്പുമായി സംസ്ഥാനങ്ങള്‍ രംഗത്ത്

ന്യൂഡല്‍ഹി: കന്നുകാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ചട്ടത്തില്‍ ഭേദഗതി വരുത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ തള്ളി. നിയന്ത്രണത്തില്‍ നിന്ന് പോത്തിനെയും എരുമയെയും ഒഴിവാക്കുന്നതിന് ഇപ്പോള്‍ യാതൊരു തീരുമാനവും ഇല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ശക്തമാക്കിയ സാഹചര്യത്തിലാണ് പോത്തിനെ കന്നുകാലി പട്ടികയില്‍ നിന്നും ഒഴിവാക്കുന്നു എന്ന പ്രചാരണം ഉണ്ടായത്.

ഇതുസംബന്ധിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച് വരുകയാണെന്നും മന്ത്രാലയ സെക്രട്ടറി എ.എന്‍. ഝാ പറഞ്ഞു. മന്ത്രാലയം പുറത്തിറക്കിയ അന്തിമ വിജ്ഞാപനത്തില്‍ പശു, കാള, പോത്ത്, എരുമ, കാളക്കുട്ടി, പശുക്കുട്ടി, ഒട്ടകം എന്നിവയാണ് കന്നുകാലി നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഭേദഗതി കൊണ്ടുവരാനാണ് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, കഴിഞ്ഞ ജനുവരിയില്‍ കരട് വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് പൊതുജനാഭിപ്രായം തേടിയപ്പോള്‍ ആരും എതിര്‍പ്പ് ഉന്നയിച്ചില്ലെന്ന് വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കരട് വിജ്ഞാപനത്തില്‍ പ്രതികരിച്ച 13 പേരും പുതിയ നിയന്ത്രണങ്ങളെ പിന്തണയ്ക്കുകയാണ് ചെയ്തത്. ഇതേ തുടര്‍ന്നാണ് അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും മന്ത്രാലയം അറിയിച്ചു.

കേരളത്തിന് പുറമെ, തമിഴ്‌നാടും കര്‍ണാടകവും പശ്ചിമ ബംഗാളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുമാണ് ശക്തമായ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുള്ളത്. ഭരണഘടനയെ അടിസ്ഥാനമാക്കി കേന്ദ്രത്തിന്റെ തീരുമാനത്തെ എതിര്‍ക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി. സര്‍ക്കാര്‍ വരും പോകും. ജനാധിപത്യവും മതേതരത്വവും തുടരും. ഇത്തരത്തിലുള്ള നിയമങ്ങള്‍ അടിച്ചേല്പിക്കാന്‍ പാടില്ല. ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും മമത പറഞ്ഞു.

Top