കന്നുകാലി കശാപ് നിയന്ത്രണം ബിജെപിക്ക് തിരിച്ചടിയാകുന്നു; മേഘാലയില്‍ അയ്യായിരത്തോളം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

ഷില്ലോങ്: കേന്ദ്ര സര്‍ക്കാരിന്റെ കന്നുകാലി കശാപ്പ് നിയന്ത്രണം ബിജെപിക്ക് തലവേദനയാകുന്നു. മാംസ കച്ചവടത്തെ ഗുരുതരമായി ബാധിക്കുന്ന നിയമം ഭക്ഷണ സ്വാതന്ത്രത്തിന്‍ മേലുള്ള കടന്നു കയറ്റമാകുകയാണ്. ഇതില്‍ പ്രതിഷേധിച്ച് മേഘാലയത്തില്‍ നിന്ന് അയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ടു

കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ രംഗത്ത് വന്നിരുന്നു ഇതിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ കൂട്ടരാജിയും. ആദിവാസി ഗോത്രവിഭാഗങ്ങളില്‍ തീവ്ര ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുകയാണെന്നാരോപിച്ചാണ് പ്രവര്‍ത്തകരുടെ രാജി.

മേഘാലയിലെ ഗോത്രവിഭാഗങ്ങളില്‍ ഭൂരിഭാഗവും ബീഫ് കഴിക്കുന്നവരാണ്. കഴിഞ്ഞ ദിവസം രാജിവെച്ച സംസ്ഥാനത്തെ നേതാവായ ബച്ചു മുറാക് തങ്ങളുടെ സംസ്‌കാരത്തിനെതിരായ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി വെക്കുന്നതെന്ന് അറിയിച്ചിരുന്നു. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് പ്രവര്‍ത്തകരുടെ രാജിയും.

പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമികള്‍ ആളുകളെ തല്ലിക്കൊല്ലുകയാണെന്ന് പാര്‍ട്ടിയില്‍ നിന്നു രാജിവെച്ച യുവമോര്‍ച്ച നേതാവ് വില്‍വര്‍ ഗ്രഹാം ഡാന്‍ഗോ പറഞ്ഞു. ബീഫ് കഴിക്കുന്ന ഗോത്രവിഭാഗങ്ങളെ ബി.ജെ.പി അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തിയത് മുതല്‍ തന്നെ മേഘാലയില്‍ പ്രതിഷേധം ശക്തമായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതതെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ബാഷെയ്‌ലാങ് കോങ്വീര്‍ പറഞ്ഞു. പാര്‍ട്ടി ഹിന്ദുത്വം അടിച്ചേല്‍പിക്കുകയാണെന്നാരോപിച്ച് ബി.ജെ.പി നേതാവ് ബെര്‍ണാഡ് മാറക് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബച്ചു മുറാകിന്റെ രാജി.

Top