മോദിയുമായി അരമണിക്കൂര്‍ കൂടിക്കാഴ്ച,എന്‍ ഡി എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്നും വെള്ളാപ്പള്ളി

ന്യൂഡല്‍ഹി:എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടുനിന്നു. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചര്‍ച്ചയില്‍ പങ്കെടുത്തു. വളരെ സന്തോഷകരമായ കൂടിക്കാഴ്ചയായിരുന്നു എന്നും തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തി. തനിക്ക് ഒരു പഞ്ചായത്ത് മെമ്പര്‍ സ്ഥാനം പോലും വേണ്ടെന്നും ആരും ഒരു ഓഫറും നല്‍കിയിട്ടില്ലെന്നും കേരളത്തില്‍ എന്‍ ഡി എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സംവരണ കാര്യത്തില്‍ ഉള്‍പ്പെടെയുളള ആശങ്കകള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പു നല്‍കിയതായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പളളി.രാത്രി എട്ടരയോടെയാണ് കൂടിക്കാഴ്ച ആരംഭിച്ചത്. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ചര്‍ച്ച അര മണിക്കൂറോളം നീണ്ടു. പൊതുവായ പല വിഷയങ്ങളും ചര്‍ച്ച ചെയ്തതായി പറഞ്ഞ വെള്ളാപ്പള്ളി രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നും വ്യക്തമാക്കി.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കേരളത്തില്‍ ധാരാളമുണ്ടെങ്കിലും സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാരിന്റെ വ്യവസായ സ്ഥാപനങ്ങള്‍ വളരെ കുറവാണ്. ഇതിനുളള സ്ഥലവും മറ്റ് ഭൗതിക സാഹചര്യങ്ങളും ഉള്ളവരെ പങ്കെടുപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ സംരഭങ്ങള്‍ കേരളത്തില്‍ തുടങ്ങണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കും വീടെന്ന പദ്ധതി പ്രായോഗികമായി നടന്നുകാണുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്നതുപോലെ കേരളത്തില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക ഹിന്ദുവിഭാഗങ്ങള്‍ക്കും വീട് വെയ്ക്കുന്നതിന് പ്രത്യേക പാക്കേജ് നല്‍കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കി.

കുറഞ്ഞ പലിശയ്ക്ക് വായ്പ നല്‍കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് പദ്ധതി സമൂഹത്തിന് കൂടുതല്‍ പ്രയോജനകരമായ രീതിയില്‍ വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും ഇതിന് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായും വെള്ളാപ്പള്ളി പറഞ്ഞു. ക്ഷമയോടെ തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ കേട്ട പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ശുഭകരവും സന്തോഷകരവുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top