ബിജെപി റാലിയില്‍ ദേശീയ പതാക തലകീഴായി; നേതാക്കള്‍ക്കെതിരെ കേസെടുത്ത് പോലീസ്

ശ്രീനഗര്‍: പതാകയെക്കുറിച്ചും ദേശസ്‌നേഹത്തെക്കുറിച്ചും വാചാലരാവുന്നത് ബിജെപിക്കാരാണ്. എന്നാല്‍ ജമ്മുകശ്മീരിലെ കത്‌വയില്‍ റാലിക്കിടെ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചതും ബിജെപി നേതാക്കള്‍. അവര്‍ക്കെതിരെ കത്‌വപൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിനോദ് നിജ്വാന്‍ എന്നയാളുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിജെപി എംഎല്‍എ രാജീവ് ജാസ്രോതിയ, മറ്റ് കണ്ടാല്‍ അറിയാവുന്ന നേതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഹുല്‍ ദേവ് ശര്‍മയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച നടത്തിയ റാലിയിലാണ് ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചത്.
ഇന്ത്യന്‍ ജനതയുടെ വികാരം വ്രണപ്പെട്ടു എന്നു ചൂട്ടിക്കാട്ടിയാണ് വിനോദ് നിജ്വാന്‍ പരാതി നല്‍കിയത്. രണ്ട് കിലോമീറ്റര്‍ ദൂരം പതാക തലകീഴായി പ്രദര്‍ശിപ്പിച്ചതിന്റെ ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Top