കന്നുകാലി കശാപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നിരവധി മേഖലകളെ പ്രതിസന്ധിയിലാക്കുമെന്ന് റിപ്പോര്‍ട്ട്. ഇറച്ചി മാത്രമല്ല കന്നുകാലികളില്‍ നിന്നും ലഭിക്കുന്ന ഉത്പന്നം. കൊന്നു കഴിഞ്ഞ ശേഷം അനവധി ഉപ ഉത്പന്നങ്ങള്‍ കാലികളില്‍ നിന്നും ലഭിക്കുന്നുണ്ട്.
നിരോധനം ആയുര്‍വേദ അലോപ്പതി മരുന്നുകളുടെ നിര്‍മ്മാണം അടക്കം പത്തിലേറെ ഉപമേഖലകള്‍ക്ക് തിരിച്ചടിയാകും. കശാപ്പ് പൂര്‍ണമായും നിരോധിക്കുന്നത് ശസ്ത്രക്രിയ നൂലുകളുടെ നിര്‍മ്മാണത്തെയും ക്യാപ്‌സൂള്‍ നിര്‍മ്മാണത്തെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് മീറ്റ് ഇന്‍ഡസ്ട്രീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം.എ സലിം പറയുന്നു.
ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിക്കുന്ന ഗോരോചനത്തെയും, തുകല്‍ കയറ്റുമതിയെയും ഈ നിരോധനം ദോഷകരമായി ബാധിക്കും. തുകല്‍ ഉത്പന്നങ്ങള്‍, പഞ്ചസാര വെളുപ്പിക്കുന്ന ബോണ്‍ ആഷ്, ക്യാപ്‌സൂളുകളില്‍ ഉപയോഗിക്കുന്ന ജലാറ്റിന്‍, ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന നൂലുകള്‍ എന്നിവ അടക്കമുള്ള പത്തിലേറെ ഉപമേഖലകള്‍ കശാപ്പിനെ മാത്രം ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
കന്നുകാലികളെ കൊന്ന ശേഷം ബാക്കിയുള്ള അവശിഷ്ടങ്ങള്‍ ഒന്നു പോലും മാലിന്യമായി കളയാനില്ലെന്നാണ് ഇറച്ചി വ്യാപാരികള്‍ സാക്ഷ്യപ്പെടുത്തുന്നത്. മാടുകളുടെ തുകല്‍ മുതല്‍ കൊമ്പുകള്‍ വരെ മാംസ വ്യാപാരത്തിന്റെ ഉപ ഉത്പന്നങ്ങളാണ്. കശാപ്പിനായി കന്നുകാലികളെ അറക്കുമ്പോള്‍ ബാക്കിയാവുന്ന കൊമ്പുകളും, എല്ലുകളും അടക്കമുള്ളവ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നുണ്ട്. ചില പ്രത്യേക ആയുര്‍വേദ മരുന്നുകളില്‍ അയ്യായിരം വര്‍ഷം മുന്‍പു തന്നെ ഗോരോചനം ഉപയോഗിക്കുന്നുണ്ട്. മാടുകളുടെ കരളിനോടു ചേര്‍ന്ന ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗോരോചനത്തിനു ഔഷധഗുണം ഏറെയുണ്ട്. എല്ലാ മാടുകളിലും ഈ ഗോരോചനം ലഭിക്കാറില്ല.
നൂറ് മാടുകളെ അറക്കുമ്പോള്‍ പത്തോ പന്ത്രണ്ടോ എണ്ണത്തില്‍ നിന്നു മാത്രമേ ഇത് ലഭിക്കുകയുള്ളു. മാടുകളുടെ ആരോഗ്യ സ്ഥിതി അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ ഏറെ നിര്‍ണായകമാണ്. അയ്യായിരം വര്‍ഷം മുന്‍പുതന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന ആയുര്‍വേദത്തില്‍ ഗോരോചനത്തെപ്പറ്റി പ്രത്യേക പരാമര്‍ശമുണ്ട്. അക്കാലത്തും ഭാരതത്തില്‍ മാംസത്തിനു വേണ്ടി മാടുകളെ കശാപ്പു ചെയ്തിരുന്നു എന്നതിന്റെ തെളിവാണ് ഇതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അയുര്‍വേദ മരുന്നുകളില്‍ ഇപ്പോള്‍ തന്നെ വന്‍ തോതില്‍ വ്യാജന്‍ കടന്നു കൂടുന്നുണ്ട്. കശാപ്പ് നിരോധിക്കുക കൂടി ചെയ്താല്‍ ഇത് ആയുര്‍വേദ മരുന്നുകളിലെ വ്യാജന്റെ സാന്നിദ്ധ്യം വീണ്ടും വര്‍ദ്ധിപ്പിക്കും.
അലോപ്പതി മരുന്നുകളായ ക്യാപ്‌സ്യൂളുകളിലും ഇറച്ചി ഒഴികെയുള്ള മാടിന്റെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ക്യാപ്‌സ്യൂളുകള്‍ വയറ്റിലെത്തി പൊട്ടണമെങ്കില്‍ ജലാറ്റിന്റെ സാന്നിധ്യം വേണം. ഇതിനായി മാംസത്തിന്റെ ഭാഗമാണ് ഉപയോഗിക്കുന്നത്. ക്യാപ്‌സ്യൂളുകളുടെ കവറുകള്‍ നിര്‍മ്മിക്കുന്നതിനു മാടുകളുടെ എല്ലില്‍ നിന്നുള്ള ഭാഗമാണ് ഉപയോഗിക്കുന്നത്. ശസ്ത്രക്രിയക്കുശേഷം ശരീരത്തിനുള്ളില്‍ തൈയലിടുന്നതിനായി ഉപയോഗിക്കുന്ന നൂല് മാംസത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്നതാണ്. ശരീരത്തിനുള്ളിലിരുന്നു ഈ നൂല് സ്വയം അലിഞ്ഞില്ലാതാവണമെങ്കില്‍ ഗോമാംസത്തില്‍ നിന്ന് വേണം ഇത് നിര്‍മ്മിക്കാന്‍.
കന്നുകാലികളുടെ തോല്‍ കയറ്റുമതിയില്‍ ലോകത്തില്‍ ഇന്ത്യയ്ക്കു നിര്‍ണായക സ്ഥാനമുണ്ട്. പ്രതിവര്‍ഷം രണ്ടരകോടി ടണ്ണിലധികം തോലുകളാണ് ഇന്ത്യയില്‍ നിന്നു കയറ്റി അയക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ തുകലിനു പ്രത്യേക ഡിമാന്‍ഡുമുണ്ട്. ഇതു കൂടാതെയാണ് പഞ്ചസാരയില്‍ വെളുപ്പു നിറം ലഭിക്കുന്നതിനു ഉപയോഗിക്കുന്ന ബോണ്‍ ആഷിന്റെ നിര്‍മ്മാണം. മാടിന്റെ എല്ല് പ്രത്യേക രീതിയില്‍ സംസ്‌കരിച്ചാണ് ബോണ്‍ ആഷ് നിര്‍മ്മിക്കുന്നത്. രാജ്യത്തെ പഞ്ചസാര ഫാക്ടറികളില്‍ വന്‍ തോതില്‍ ഈ ബോണ്‍ ആഷ് ഉപയോഗിക്കുന്നുമുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം കന്നുകാലിയെ വാങ്ങുന്നവര്‍ ആറുമാസത്തിനു ശേഷമേ ഇവയെ വില്‍ക്കാന്‍ പാടുള്ളൂ. ഇതോടൊപ്പം ഓരോ സംസ്ഥാനത്തിന്റെയും അതിര്‍ത്തിയില്‍ 25 കിലോമീറ്ററിലുള്ളില്‍ കന്നുകാലി ചന്തകള്‍ പാടില്ലെന്നും ചട്ടമുണ്ട്. ഇതെല്ലാം കാലി കര്‍ഷകര്‍ക്കു കനത്ത തിരിച്ചടിയാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയില്ലെങ്കില്‍ കശാപ്പു ശാലകള്‍ മാത്രമല്ല, രാജ്യത്തെ മരുന്നു നിര്‍മ്മാണം അടക്കമുള്ള വിവിധ മേഖലകളെയും ഇത് കടുത്ത പ്രതിസന്ധിയിലേയ്ക്കു തള്ളിവിടും.