തിരുവനന്തപുരം: ഹിന്ദു പാര്‍ലമെന്റ് നേതാവ് സിപി സുഗതന്‍ മലക്കം മറിഞ്ഞു. ഹാദിയയ്‌ക്കെതിരെ കൊലവിളി നടത്തിയതില്‍ മാപ്പ് ചോദിക്കുന്നു. പണ്ട് കര്‍സേവയില്‍ പങ്കെടുത്തത് പക്വതയില്ലാത്ത പ്രായത്തിലാണെന്നും അത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് മനസിലായത് വളരെ വൈകിയാണെന്നും സുഗതന്‍ പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് സുഗതന്‍ മലക്കം മറിഞ്ഞത്.
ഇരുപത്തിയാറാം വയസ്സില്‍ ദേശീയ ധാരണകളുടെ അടിസ്ഥാനത്തിലാണ് ബാബറി മസ്ജിദ് പൊളിക്കാന്‍ പോയത്. ഇപ്പോള്‍ ഇരട്ടി പ്രായമായി. രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരം നേടാനായി മതങ്ങളെ ഉപയോഗിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു അയോധ്യ സംഭവം. അത് മനസ്സിലാക്കാന്‍ തനിക്ക് 26 വര്‍ഷങ്ങള്‍ വേണ്ടി വന്നെന്നും സുഗതന്‍ പറഞ്ഞു. നവോത്ഥാന പ്രചാരണ പരിപാടിയായ വനിതാ മതിലിന്റെ ജോയിന്റ് കണ്‍വീനര്‍ പദവിലേക്ക് സുഗതനെ കൊണ്ടുവന്നതിനെ നേരത്തേ മുഖ്യമന്ത്രി ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സുഗതന്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നത്.
ഹാദിയയുടെ വിഷയത്തില്‍ മാപ്പ് ചോദിക്കുന്നു. ഞാനുമൊരു അച്ഛനാണ്. എനിക്ക് എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളുണ്ട്. അന്ന് ഒരച്ഛന്റെ വികാരമാണ് പ്രകടിപ്പിച്ചത്. വിഷയത്തില്‍ അച്ഛന്റെയും അമ്മയുടെയും ദുഃഖത്തിന് ഒപ്പമാണ് ഇപ്പോഴും. എന്റെ വാക്കുകൊണ്ട് ആ കുഞ്ഞിന് എന്തെങ്കിലും വിഷയം വന്നിട്ടുണ്ടെങ്കില്‍ ഞാനതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ആ കുഞ്ഞിന്ന് സന്തോഷമായി ജീവിക്കുകയാണ്. അതില്‍ ഞാന്‍ സന്തോഷവാനാണ്.” സുഗതന്‍ പറയുന്നു.