പ്രതിഷേധം ശക്തമായി;സർക്കാർ മുട്ടുമടക്കുന്നു.ശബരിമലയിൽ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനിറങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും അവസാനം മുട്ടുമടക്കുന്നു… മണ്ഡലകാലം ആരംഭിക്കുന്നതും നാളെ സുപ്രീംകോടതി റിവ്യൂഹര്‍ജി സംബന്ധിച്ച കാര്യം പരിഗണിക്കുന്നതും കണക്കിലെടുത്ത് സര്‍വക്ഷിയോഗം വിളിക്കുന്നു.
നാളത്തെ സുപ്രീംകോടതി വിധിക്കു ശേഷം ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുക്കും. മണ്ഡലകാല തീര്‍ഥാടനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യും. ശബരിമല വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതില്‍ സന്തോഷമെന്നു ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.

നാളെ സുപ്രീംകോടതി റിവ്യൂഹര്‍ജി പരിഗണിക്കുന്നത് സംബന്ധിച്ച ഹര്‍ജി കേള്‍ക്കാനിരിക്കെ സര്‍വകക്ഷിയോഗം വിളിക്കുന്നത്. മുന്‍നിലപാടില്‍ നിന്നുള്ള വിട്ടുവീഴ്ചയാണിത്. കോടതിയും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞിരുന്നത്. അതിനാല്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ട കാര്യമില്ലെന്നാണ് മുഖ്യമന്ത്രി മുമ്പ് വ്യക്തമാക്കിയതാണ്. യോഗത്തിലേക്ക് രാഷ്ടീയപാര്‍ട്ടികളെ മാത്രമാണ് വിളിക്കുന്നതെന്ന് അറിയുന്നു. തുലാമാസപൂജയ്ക്കും ചിത്തിരആട്ടവിശേഷത്തിനും നടതുറന്നപ്പോള്‍ യുവതികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ അക്രമം അഴിച്ചുവിട്ടിരുന്നു.cm-pinarayi-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണ്ഡലമകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് മുമ്പ് സര്‍വകക്ഷിയോഗം വിളിക്കുന്നത് കാര്യങ്ങള്‍ രമ്യമായി പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാനാണ്. കോടതി നാളെ കേസ് നീട്ടിവയ്ക്കുകയോ, തല്‍സ്ഥിതി തുടരുകയോ ചെയ്യാന്‍ പറയും. അത് സര്‍ക്കാരിന് വീണ് കിട്ടിയ ഒരു തുറുപ്പ് ചീട്ടാണ്. കോടതി എന്ത് പറയുന്നു എന്നതിന് അനുസരിച്ചായിരിക്കും സര്‍ക്കാര്‍ നിലപാട്. വിധി വന്ന സെപ്തംബര്‍ 28ന് തന്നെ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് രാഷ്ട്രീയ, സാമുദായിക നേതാക്കളും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി അത് മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്നാണ് നാമജപഘോഷയാത്രയുമായി ഭക്തര്‍ തെരുവിലിറങ്ങിയത്.

പ്രശ്‌നം രൂക്ഷമായതോടെ മുഖ്യമന്ത്രി തന്ത്രി കുടുംബത്തെയും പന്തളം കൊട്ടാരം അധികൃതരെയും ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ ഇരുവരും പങ്കെടുത്തിരുന്നില്ല. മണ്ഡലകാലത്ത് ദര്‍ശനം നടത്താന്‍ പത്തിനും 50നും ഇടയില്‍ പ്രായമുള്ള 550ലധികം യുവതികള്‍ പൊലീസിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാത്രമല്ല ശബരിമലയില്‍ ദേശവിരുദ്ധശക്തികള്‍ നുഴഞ്ഞ് കയറിയേക്കാമെന്ന് കേന്ദ്രഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കുറേ വര്‍ഷങ്ങളായി ശബരിമലയ്ക്ക് സുരക്ഷാഭീഷണിയുമുണ്ട്. ബാബ്‌റി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിന് ശബരിമലയില്‍ എല്ലാ കൊല്ലവും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്.

വിധി വന്ന ശേഷം സര്‍വകക്ഷിയോഗം വിളിക്കാത്തതും റിവ്യൂഹര്‍ജി നല്‍കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡിനെ വിലക്കിയതുമാണ് ഭക്തരെയും മറ്റ് രാഷട്രീയ പാര്‍ട്ടികളെയും ചൊടിപ്പിച്ചത്. അവര്‍ സര്‍ക്കാരിനെതിരെ തിരിയാനുള്ള പ്രധാനകാരണം ഇതാണ്. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനോട് തങ്ങള്‍ക്ക് ഇപ്പോഴും എതിര്‍പ്പില്ലെന്നും മുഖ്യമന്ത്രിയുടെ ഏകാധിപത്യനിലപാടാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപിക്കുന്നു. സര്‍വകക്ഷിയോഗത്തിലേക്ക് സാമുദായി സംഘടനകളെ വിളിച്ചിട്ടില്ലെന്നാണ് അറിയുന്നത്. വിഷയത്തില്‍ എന്‍.എസ്.എസാണ് സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ ആക്രമിച്ചത്.ശബരിമല സ്ത്രീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നു പ്രതിപക്ഷം മുമ്പ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ തയാറായിരുന്നില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ പ്രതിപക്ഷം കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Top