തിരുവനന്തപുരം: പ്രതിപക്ഷം എതിർക്കുന്നതിലും വലിയ എതിർപ്പാണ് ഇടതു ഭരണത്തിൽ പിണറായിക്ക് എതിരെ സിപിഐ നടത്തുന്നത് .ഗവർണർക്ക് പിന്നാലെ ലോകായുക്ത ഭേദഗതിയിൽ സിപിഎമ്മിന് പുതിയ വെല്ലുവിളി ഉയർത്തുന്നത് സിപിഐ ആണ്.നിയമസഭയിൽ ബിൽ അവതരിപ്പിക്കും മുമ്പ് ചർച്ച വേണമെന്ന് സിപിഎം നേതൃത്വത്തോട് ആവശ്യപ്പെടും. ഗവർണ്ണർ ഉയർത്തിയ പ്രതിസന്ധി തീർക്കാൻ സഭ വിളിച്ച സർക്കാറിന് മുന്നിലെ അടുത്ത പ്രതിസന്ധിയാണ് സിപിഐയുടെ ഉടക്ക്.
ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതൽ സിപിഐ ഉയർത്തിയത് കടുത്ത എതിർപ്പാണ്. മന്ത്രിസഭാ യോഗത്തിൽ ലോകായുക്തയുടെ ചിറകരിയാനുള്ള ഓർഡിനൻസിനെ ആദ്യം പാർട്ടി മന്ത്രിമാർ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിർപ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓർഡിനൻസ് അടക്കം പാസ്സാക്കാൻ ബിൽ കൊണ്ട് വരാനിരിക്കെ എതിർ്പ്പ ആവർത്തിക്കാനാണ് സിപിഐ നീക്കം.
സഭാ സമ്മേളനം വിളിക്കും മുമ്പ് ചർച്ച വേണമെന്നാണ് ആവശ്യം. നേരത്തെ ഭേദഗതിയിൽ ഭിന്നത കടുത്തപ്പോൾ സമാന ആവശ്യം ഉന്നയിച്ചെങ്കിലും സിപിഎം ചർച്ചക്ക് തയ്യാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14 ആം വകുപ്പിൽ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനത്തിലാണ് സിപിഐക്ക് എതിർപ്പ്. അഴിമതി തെളിഞ്ഞാൽ പൊതപ്രവർത്തകന് സ്ഥാനത്തിരിക്കാൻ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സർക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്.
ഇതിൽ സിപിഐ ആവശ്യം പരിഗണിച്ച് എങ്ങിനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലുള്ള ലോകായുക്ത നിയമം അതേ പടി നിലനിർത്തിയാൽ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിർണ്ണായകമാണ്. തിരക്കിട്ട് ബിൽ കൊണ്ടുവരുന്ന സിപിഎം ഗവർണ്ണർക്ക് പിന്നാലെ സിപിഐയെയും ഇനി അനുനയിപ്പിക്കേണ്ട സാഹചര്യമാണ്.
സഭാ സമ്മേളനത്തിന് മുമ്പ് ധാരണയുണ്ടായില്ലെങ്കിൽ ബില്ലിനെ സിപിഐ സഭക്കുള്ളിൽ എതിർക്കുമോ എന്നുള്ളതാണ് ഉയരുന്ന ആകാംക്ഷ. പാർട്ടി സമ്മളനങ്ങളിലെല്ലാം കാനം പിണറായിയുടെ അടിമയായെന്ന് വിമർശനം ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് ലോകായുക്തയിൽ സിപിഐ നിലപാടിൽ ഉറച്ചുനിൽക്കുന്നത്