കൊലപാതക രാഷ്ട്രീയം: സിപിഎമ്മിനെ വിമര്‍ശിച്ച് സിപിഐ.വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കുന്നത് ചരിത്രദൗത്യമല്ല.

തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം.കണ്ണൂരില്‍ നിന്ന് പഠിക്കേണ്ടതും തിരുത്തേണ്ടതും എന്ന പേരിലുള്ള മുഖപ്രസംഗത്തില്‍ ഭരണ നേതൃത്വത്തിനെതിരെയും വിമര്‍ശമുണ്ട്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ തിരുത്തല്‍വേണം. അവിടെനിന്നും വരുന്ന അശാന്തിയുടേയും അറുംകൊലയുടേയും വാര്‍ത്തകള്‍ ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിക്കുന്നതാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

വര്‍ഗീയ ഫാസിസ്റ്റ് സംഘടന നല്‍കുന്ന അടികള്‍ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കരുത്. അത്തരം മറുപടികള്‍ ചരിത്ര ദൗത്യമല്ല. കൊലപാതകവും അഴിമതിയും നമ്മെ തകര്‍ക്കാനുള്ള ആയുധമാക്കാന്‍ അവസരം നല്‍കരുത്. അതിനുള്ള രാഷ്ട്രീയ പക്വത ഭരണ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുണ്ടാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇടതും വലതും ഒന്നെന്ന് വരുത്തിതീര്‍ക്കാനുള്ള സ്ഥാപിത താല്‍പര്യക്കാരുടെ സംഘടിത നീക്കമാണിത്. ഇതിനെതിരെ ജാഗ്രത പുലര്‍ത്താന്‍ ഇടതുപക്ഷത്തിന് കഴിയേണ്ടതുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read : വിരലുകള്‍ നിങ്ങളെ പറ്റി പറയും? നിങ്ങള്‍ നിരാശയിലോ ആകുലതയിലോ ആണോ …ജീവിതത്തിന്റെ തകര്‍ച്ചയില്‍ ആണോ ….എല്ലാം നിങ്ങളുടെ വിരലുകളുടെ നീളം നോക്കി മനസിലാക്കാം 

 

ഇത് ക്രമസമാധാന പ്രശ്‌നം മാത്രമല്ല. ശരിയായ രാഷ്ട്രീയ ദിശയില്‍ നിന്നുമുള്ള വ്യതിചലനം കൂടിയാണ്. അത് കൊണ്ട് തന്നെ സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളെ തുടര്‍ന്ന് ഉയര്‍ത്തി കാണിക്കാന്‍ സാധിക്കുന്നില്ലെന്നും സി.പി.ഐക്ക് പരാതിയുണ്ടെന്നും ജനയുഗത്തില്‍ പറയുന്നു. കൊല്ലും കൊലവിളിയും നടത്തിയ ജന്മിത്വത്തിനെതിരെ സംഘടിത ചെറുത്തുനില്‍പ്പുകളിലൂടെ ഉയര്‍ന്നുപൊന്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളെ നിരായുധരാക്കാന്‍ കഴിയുന്ന പ്രവര്‍ത്തനശൈലി അന്യമല്ലെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കണ്ണൂരിൽ നിന്ന്‌ പഠിക്കേണ്ടതും തിരുത്തേണ്ടതും

കണ്ണൂർ വീണ്ടും ചോരക്കളമാകുന്നു. അവിടെനിന്നും വരുന്ന അശാന്തിയുടേയും അറുകൊലയുടേയും വാർത്തകൾ ജനാധിപത്യ വിശ്വാസികളെ അമ്പരിപ്പിക്കുന്നതാണ്‌. വിവിധ രാഷ്ട്രീയ വിശ്വാസങ്ങളും മതവിശ്വാസങ്ങളും സ്വഛന്തം പ്രവർത്തനം നടത്തുന്ന മതേതര ജനാധിപത്യ രാജ്യത്ത്‌ ദാർഷ്ട്യംകൊണ്ടും ക്രൂരത വിതറി ഭയപ്പെടുത്തിക്കൊണ്ടും ആർക്കെങ്കിലും വിജയിക്കാമെന്ന്‌ കരുതുന്നത്‌ മൂഢതയാണ്‌. കേരളത്തിന്‌ പുറത്ത്‌ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്‌ നേരെ ഈ തന്ത്രം ഉപയോഗിക്കുന്നതിന്‌ പകരം ന്യൂനപക്ഷ ദളിത്‌ വിഭാഗങ്ങൾക്കെതിരെയാണ്‌ ഇത്‌ നടപ്പിലാക്കുന്നത്‌. കണ്ണൂരിൽ കൊലചെയ്യപ്പെടുന്ന പാർട്ടി പ്രവർത്തകരും വിശ്വാസികളും കൊടുക്കുന്ന വില സ്വന്തം ജീവനാണെന്നതുകൊണ്ട്‌ രാഷ്ട്രീയ ആശയ സംരക്ഷണവും പ്രചരണവും എങ്ങനെയാകണമെന്നതിൽ ഒരടിയന്തിര അഴിച്ചുപണി ആവശ്യമായി വന്നിരിക്കുന്നു. ഏറ്റുമുട്ടലിന്റെ പാതയിൽ ചോര വീഴ്ത്തുന്നത്‌ ആർഎസ്‌എസ്‌ സംഘപരിവാർ സംഘടനകൾക്ക്‌ പുത്തരിയല്ല. എതിർശബ്ദത്തെ തോക്കിൻമുനയിലൂടെ നിശബ്ദമാക്കിയാണ്‌ അവർ ഇന്ത്യൻ ജനാധിപത്യത്തിനുമേൽ ആദ്യ രക്തക്കറ പതിപ്പിച്ചത്‌. ഗാന്ധിജിയെ കൊന്നവർക്ക്‌ കണ്ണൂരിലെ ഒരു ഇടതുപക്ഷ പ്രവർത്തകൻ വെറും തൃണം മാത്രം. ഇന്ത്യ മുഴുവൻ ദളിതന്റെയും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ചോരകുടിച്ച്‌ അർമാദിക്കുന്നവർ കേരളത്തിൽ ആഗ്രഹിക്കുന്നത്‌ അവരുടെ രാഷ്ട്രീയ കുതന്ത്ര നാടകങ്ങൾക്ക്‌ പറ്റിയ ഇരകളെയാണ്‌. ആ തന്ത്രത്തിൽ കുടുങ്ങാതിരിക്കാൻ ഇനി ബോധപൂർവമായ ശ്രമങ്ങൾ ഉണ്ടായേ മതിയാകൂ! ഒരു വർഗീയ ഫാസിസ്റ്റ്‌ സംഘടന നൽകുന്ന അടികൾക്ക്‌ അതേ നാണയത്തിൽ മറുപടി കൊടുക്കുന്നത്‌ ഇന്നൊരു ചരിത്രദൗത്യമല്ല. അവരുടെ ഓരോ പ്രഹരവും അവരിലുണ്ടാകുന്ന ഭയത്തിൽ നിന്നാണ്‌ ഉയരുന്നത്‌. അതവരുടെ ദൗർബല്യവുമാണ്‌. കേരളത്തിലെ ജനാധിപത്യവിശ്വാസികൾ മനസറിഞ്ഞ്‌ നൽകിയ അംഗീകാരമാണ്‌ ഇടതുപക്ഷ പാർട്ടികളുടെ വിജയത്തിനാധാരം. ആ ജനതയുടെ പ്രതീക്ഷകൾ ശിരസേറ്റുന്നതു കൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ സംയമനങ്ങൾക്കും രാഷ്ട്രീയബോധങ്ങൾക്കും വളരെ ഉത്തരവാദപ്പെട്ട മറ്റൊരു മാനം നടപ്പിലാക്കാനുണ്ട്‌. ആ ഭാരിച്ച ഉത്തരവാദത്തിൽ നിന്നും ഇടതുപക്ഷത്തെ പിറകോട്ട്‌ വലിക്കാൻ വെല്ലുവിളികൾ ധാരാളം ഉയർന്നുവരും. പ്രത്യേകിച്ചും വർഗീയസംഘടനകൾക്ക്‌ ഇക്കാര്യത്തിൽ നിർബന്ധങ്ങളേറെയാണ്‌.
അഴിമതിയും സ്വജനപക്ഷപാതവും തട്ടിപ്പും മാഫിയപ്രീണനവും മുഖമുദ്രയാക്കിയ കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തെ തൂത്തെറിഞ്ഞ ജനത ഇടതുപക്ഷ ഭരണമാഗ്രഹിച്ചത്‌ വലിയ പ്രതീക്ഷയോടെയാണ്‌. അധികാരമേറ്റ നാല്‌ മാസങ്ങൾക്കുള്ളിൽ ഏറ്റവും ജനകീയമായ നടപടികൾ പ്രതിബദ്ധതയോടെ നടപ്പിലാക്കി വരികയാണ്‌. ഒരു നനുത്ത സമാശ്വാസ കാറ്റിൻസ്പർശം അഗതികളും അശരണരും അനുഭവിക്കാൻ തുടങ്ങിയിട്ടുണ്ട്‌. പെൻഷൻ, തൊഴിൽ, വിദ്യാഭ്യാസം, ആരോ
ഗ്യം, പൊതുവിതരണം, കൃഷി തുടങ്ങി പല മേഖലകളിലും ഇടതുപക്ഷ സർക്കാരിന്റെ ജനോപകാര നടപടികളുടെ കരസ്പർശം അനുഭവപ്പെടുകയാണ്‌. വരാൻപോകുന്ന വരൾച്ച ഉൾപ്പെടെയുള്ള വിവിധങ്ങളായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ ആവശ്യമായ ഹോം വർക്കുകളിലും നടപടികളിലും ശ്രദ്ധ ഊന്നേണ്ട സമയവും ഊർജ്ജവും വിവാദങ്ങൾ സൃഷ്ടിച്ച്‌ പാഴാക്കാതിരിക്കാൻ ഭരണനേതൃത്വം ശ്രദ്ധിക്കേണ്ടതാണ്‌. ഹർത്താലിനെതിരെ ഹാലിളക്കിയവർ ഒരു മാസത്തിനുള്ളിൽ രണ്ട്‌ ഹർത്താൽ സൃഷ്ടിക്കുന്നതും, തലവരിപ്പണക്കാർക്ക്‌ മുമ്പിലും മതമൗലികവാദികൾക്ക്‌ മുമ്പിലും വിദ്യാഭ്യാസത്തെ അടിയറവ്‌ വച്ചവർ ചാരിത്ര്യപ്രസംഗം നടത്തുന്നതും ആശ്രിത അനധികൃത നിയമം മാത്രം നടപ്പിലാക്കിയവർ സമരനാടകങ്ങൾ നടത്തുന്നതും ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്‌. ഇടതും വലതും ഒന്നെന്ന്‌ വരുത്തിതീർക്കാനുള്ള സ്ഥാപിത താൽപര്യക്കാരുടെ സംഘടിത നീക്കത്തിനെതിരെ ജാഗ്രത പുലർത്താൻ ഇടതുപക്ഷത്തിന്‌ കഴിയണം. കൊലപാതക രാഷ്ട്രീയവും, രാഷ്ട്രീയ അഴിമതിയും ഇടതുപക്ഷത്തെ തകർക്കാനുള്ള ആയുധമാക്കാൻ ഒരവസരവും സൃഷ്ടിക്കാതിരിക്കാനുള്ള രാഷ്ട്രീയ പക്വത ഭരണരാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ടാകണം. കണ്ണൂരിലെ മണ്ണിൽ അലിഞ്ഞുചേർന്ന വൈര രാഷ്ട്രീയത്തിന്റെ വേരറുക്കാൻ വൈകിക്കൂടാ. ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. ശരിയായ രാഷ്ട്രീയ ദിശയിൽ നിന്നുമുള്ള വ്യതിചലനം കൂടിയാണ്‌. കൊല്ലും കൊലവിളിയും നടത്തിയ ജന്മിത്വത്തിനെതിരെ സംഘടിത ചെറുത്തുനിൽപ്പുകളിലൂടെ ഉയർന്നുപൊന്തിയ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക്‌ വർഗീയ ഫാസിസ്റ്റ്‌ ശക്തികളെ നിരായുധരാക്കാൻ കഴിയുന്ന പ്രവർത്തനശൈലി അന്യമല്ല തീർച്ച. അതാദ്യം കാണിച്ചുകൊടുക്കേണ്ടത്‌ രാഷ്ട്രീയ നേതൃത്വങ്ങളാണ്‌. ആ ഒരാഹ്വാനം പ്രവർത്തകരിലേയ്ക്ക്‌ പകർന്നുകൊടുക്കാൻ ഒരവസരം തന്നിരിക്കുന്നു ഇപ്പോൾ കണ്ണൂരിലുണ്ടായ സംഭവങ്ങൾ.
ആർഎസ്‌എസിനെ സംബന്ധിച്ചിടത്തോളം അവർക്ക്‌ യാതൊരു രാഷ്ട്രീയ സാമൂഹ്യ ഉത്തരവാദിത്തവും നിർവഹിക്കാനില്ല. രാമക്ഷേത്രം പണിയാനും ക്ഷേത്രാങ്കണങ്ങളിൽ ബലമായി ഡ്രിൽ നടത്താനും പുരോഗമന ജനാധിപത്യ മതേതര ആശയം പുലർത്തുന്നവരെ തരംകിട്ടുമ്പോൾ കൊന്നൊടുക്കാനും അച്ചാരം വാങ്ങിയവരാണവർ. ജനകീയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്ന, പണാധിപത്യത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമൊക്കെ എതിരെ പോരാടാൻ സന്നദ്ധമായ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കാര്യം അങ്ങനെയല്ലല്ലോ. ആ തിരിച്ചറിവ്‌ നഷ്ടപ്പെടുത്താൻ പാടില്ല. ഇന്ത്യയെ ശിഥിലമാക്കുന്ന വർഗീയ ഫാസിസ്റ്റ്‌ നയങ്ങൾക്ക്‌ തിട്ടൂരമിറക്കുന്ന ഒരു ഫാസിസ്റ്റ്‌ സംഘടന കൊലപാതകങ്ങൾ ചെയ്തുകൂട്ടുമായിരിക്കും. പക്ഷേ എത്രനാൾ? ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നേരറിവുകളുമായോ സമ്പന്ന ജനകീയ ചരിത്രവുമായോ ഒരു താദാമ്യത്തിന്‌ പോലും അർഹതയില്ലാത്ത ആർഎസ്‌എസിനെ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമാക്കുന്ന ഒരു വൈകാരിക നീക്കവും നടത്താതിരിക്കുക. അവർ അവരുടെ പട്ടടയിൽ തന്നെ കത്തി അമരട്ടെ- അവിടെ ഹോമിക്കുവാനുള്ളതല്ല ഒരു ഇടതുപക്ഷ പ്രവർത്തകന്റെ ശിഷ്ട ജീവിതം.

Top