സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ സിപിഎം നേതാവിന്റെ ശ്രമം; പരാതിക്കാരി ലോക്കല്‍ കമ്മിറ്റി അംഗം

വിഴിഞ്ഞം: സിപിഎം നേതൃത്വം നല്‍കുന്ന സഹകരണബാങ്കില്‍ ജീവനക്കാരിക്ക് നേരെ സിപിഎം നേതാവിന്റെ പീഡന ശ്രമം. ബാങ്ക് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് രണ്ടുവര്‍ഷണായി ഇവിടെ ജോലി നോക്കുന്ന വനിതയാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതായി ബാലരാമപുരം സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. ബാങ്ക് സെക്രട്ടറിക്കെതിരെയാണ് ഗുരുതരമായ ഈ ആരോപണം.

ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും പരാതിക്കാരിയും ഒരേ ലോക്കല്‍ കമ്മിറ്റിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഏറെ നാളുകളായി പല പ്രാവശ്യം സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായതായി ബന്ധപ്പെട്ട വരെ അറിയിച്ചിരുന്നെങ്കിലും പരിഹാരമുണ്ടായിട്ടില്ലെന്ന് പരാതിക്കാരി പറയുന്നു. ഇപ്പോള്‍ അസഭ്യവാക്കുകള്‍ പറയുകയും തന്റെ ഇംഗിതത്തിന് വഴങ്ങിയില്ലെങ്കില്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിന് നല്‍കിയ മൊഴിയില്‍ ജയാറാണി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാങ്കില്‍ താത്കാലിക തസ്തികയില്‍ ജോലി ചെയ്തിരുന്ന സമയത്ത് നടന്ന പരീക്ഷയില്‍ ജയറാണി രണ്ടാം റാങ്കുകാരിയായി പാസ്സായിരുന്നു. ഇവര്‍ ജോലിയില്‍ പ്രവേശിച്ചശേഷം ഒന്നാം സ്ഥാനക്കാരി പിരിഞ്ഞു പോയിരുന്നു. ജോലി വാഗ്ദാനവുമായി മറ്റ് പലരില്‍ നിന്ന് മുന്‍കൂട്ടി പണം വാങ്ങിയിരുന്നതിനാല്‍ ബാങ്ക് അധികൃതര്‍ രണ്ടാം റാങ്കുകാരിയെ മനപൂര്‍വ്വം തഴയുന്ന സാഹചര്യവുമുണ്ടായി. നിയമപ്രകാരം ജയറാണിക്ക് അര്‍ഹത ഉണ്ടായിരുന്നെങ്കിലും പല കാരണങ്ങള്‍ നിരത്തി ഇവരെ ജോലിക്ക് പ്രവേശിപ്പിക്കാന്‍ ബാങ്ക് ഭരണസമിതി തയ്യാറായിരുന്നില്ല. എന്നാല്‍ നിരന്തരമായ നിയമ പോരാട്ടങ്ങള്‍ക്കൊടുവില്‍ കോടതി വിധിയുടെ സഹായത്തോടെ ജോലിയില്‍ പ്രവേശിച്ചിരുന്നു. പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെയും ചേര്‍ത്ത് ഇവര്‍ ബാങ്കിനു മുന്നില്‍ നീതിക്കുവേണ്ടി സമരം കിടന്നത് അന്ന് വലിയ വാര്‍ത്തയായിരുന്നു.

കോടതിയുടെ അനുമതിയോടെ ജോലിക്ക് എത്തിയതു മുതല്‍ തനിക്കുനേരെ ക്രൂരമായ മാനസിക പീഡനങ്ങള്‍ വര്‍ധിച്ചു. പാര്‍ട്ടി നേതൃത്വത്തെ കാര്യങ്ങള്‍ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പീഡനം സഹിക്കാന്‍ കഴിയാതെ പരാതി കൊടുത്ത ശേഷവും വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണി പെടുത്തിയതായും അവര്‍ പറയുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ദിവസങ്ങള്‍ കഴിയുമ്പോഴും പോലീസ് അധികൃതര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണ്. ബാങ്ക് സെക്രട്ടറി മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നതിനാല്‍ അത് ലഭിക്കുന്നതുവരെ അറസ്റ്റ് ഒഴിവാക്കാനുള്ള ഉന്നത രാഷ്ട്രീയ സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണ് നടപടിക്രമങ്ങള്‍ വൈകുന്നതെന്നും ആക്ഷേപമുണ്ട്.

Top