തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ മാസപ്പടി വിവാദം അവഗണിച്ച് നേരിടാനൊരുങ്ങി സിപിഐഎം. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കേണ്ട എന്നും പാര്‍ട്ടിയില്‍ ധാരണ. സംസ്ഥാന സമിതിയിലും മുഖ്യമന്ത്രി വിശദീകരണം നല്‍കിയില്ല. എം വി ഗോവിന്ദനും മാസപ്പടി വിവാദ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറി.
മാസപ്പടിയില്‍ അഴിമതിയില്ലെന്ന നിലപാടിലാണ് സിപിഐഎം. കേന്ദ്രകമ്മിറ്റി യോഗങ്ങളുടെ റിപ്പോര്‍ട്ടിംഗിനൊപ്പം രാഷ്ട്രീയ സ്ഥിതിയും സമീപകാല വിവാദങ്ങളും ചര്‍ച്ചയാകുമെന്ന് കരുതിയ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ശേഷമാണ് എം വി ഗോവിന്ദന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്.
എകെജി സെന്ററില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളെ കുറിച്ചു പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചും ഗോവിന്ദന്‍ വിശദമായി സംസാരിച്ചു. ചോദ്യം മാസപ്പടിയിലെത്തിയപ്പോള്‍ എല്ലാം പറഞ്ഞ് കഴിഞ്ഞെന്നും ഇനിയൊന്നും പറയാനില്ലെന്നും നിലപാടെടുത്ത് ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.