കണ്ണൂര്‍: സര്‍ക്കാറിനെ തകര്‍ക്കാന് പ്രതിപക്ഷത്തിന് ഇടതു നേതാക്കള്‍ ആയുധം നല്‍കരുതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ തലത്തിലും സംസ്ഥാന തലത്തിലുമുള്ള നിലവിലെ അവസ്ഥയില്‍ എല്‍.ഡി.എഫ് ഐക്യത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണവുമായി ബന്ധപ്പെട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ ആരോപണങ്ങള്‍ക്ക് വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി മറുപടി നല്‍കുകയും ചെയ്തു.
കോടിയേരി പറഞ്ഞത്:
നിലമ്പൂര്‍ ഏറ്റുമുട്ടല്‍: നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകള്‍ മരണപ്പെട്ട സംഭവമാണ് ഒരു ആക്ഷേപമായി ഉയര്‍ത്തിയത്. അത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരു സംഘം മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ കാട്ടില്‍ വന്ന് കേന്ദ്രീകരിച്ച് ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അത് പരിശോധിക്കാന്‍ വേണ്ടി ചെന്ന പൊലീസ് സംഘത്തിനുനേരെ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും വെടിവെപ്പുണ്ടാവുകയും തിരിച്ചുവെടിവെപ്പു നടന്നപ്പോള്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും ചെയ്തു. അവിടെ ആദിവാസികളുടെ യോഗം നടക്കുന്ന സമയത്തോ എന്തെങ്കിലും പ്രക്ഷോം നടക്കുമ്പോഴോ അല്ല പൊലീസ് പ്രവര്‍ത്തിച്ചത്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ എന്തോ സംഭവം നടത്താന്‍ വേണ്ടിയാണ് അവിടെയെത്തിയത്. അതു പരിശോധിക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. അതിനെ വ്യാജ ഏറ്റുമുട്ടല്‍ എന്നു വിശേഷിപ്പിച്ച് പ്രചരണം നടത്തുന്ന സ്ഥിതിയാണ് പിന്നീടുണ്ടായത്. ഒരാളെ പിടികൂടി, കസ്റ്റഡിയിലെടുത്ത്് എവിടെയെങ്കിലും കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തി ഏറ്റുമുട്ടലാക്കി മാറ്റുന്നതാണ് വ്യാജ ഏറ്റുമുട്ടല്‍. ഇവിടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു എന്ന് മാവോയിസ്റ്റുകള്‍പോലും പറയില്ല. വ്യാജ ഏറ്റുമുട്ടലുകള്‍ മുമ്പും ഇവിടെയുണ്ടായിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് വര്‍ഗീസിനെ പിടിച്ചുകൊണ്ടുപോയി അദ്ദേഹത്തെ മരത്തില്‍ കെട്ടിയിട്ട് രണ്ടു കണ്ണും ചുഴ്‌ന്നെടുത്ത് വെടിവെച്ചുകൊല്ലുന്ന സംഭവമുണ്ടായി. അത്തരത്തിലുണ്ടായ സംഭവമല്ല ഇവിടെയുണ്ടായത്. മുത്തങ്ങയില്‍ സമരം ചെയ്ത ആദിവാസികള്‍ക്കെതിരെ വെടിവെച്ചു കൊലപ്പെടുത്തിയതുപോലെയുള്ള സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. അതിന്റെ പേരിലുള്ള ആക്ഷേപത്തിന് മജിസ്ട്രീരിയില്‍ അന്വേഷണത്തിന് സര്‍ക്കാറിന് തയ്യാറായിട്ടുണ്ട്. വീഴ്ച പൊലീസിന്റെ ഭാഗത്തുണ്ടായിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ടു കിട്ടിയാല്‍ നടപടിയെടുക്കും.
യു.എ.പി.എ:
ഇക്കാര്യത്തില്‍ സി.പി.ഐ.എമ്മിന് വ്യക്തമായ നിലപാടാണുള്ളത്. ഭീകര പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വേണ്ടിയാണ് യു.പി.എ കാലത്ത് യു.എ.പി.എ പാസാക്കിയത്. അന്നുതന്നെ ആ നിയമം ദുരുപയോഗം ചെയ്യപ്പെടാമെന്ന് പാര്‍ലമെന്റില്‍ ആശങ്ക പ്രകടിപ്പിച്ച പാര്‍ട്ടിയാണ് സി.പി.ഐ.എം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറഇന്റെ കാലത്ത് ഈ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ അന്നും യു.എ.പി.എക്കെതിരാണ് ഇന്നും യു.എ.പി.എയ്‌ക്കെതിരാണ്. ആ കരിനിയമം എടുത്തുകളയണമെന്നാണ് സി.പി.ഐ. എമ്മിന്റെ നിലപാട്. ഏതെങ്കിലും കേസില്‍ യു.എ.പി.എ തെറ്റായി യഉപയോഗിക്കുന്നതിന് സി.പി.ഐ.എം കൂട്ടുനില്‍ക്കില്ല. ഒരു കാരണവശാലും യു.എ.പി.എ ദുരുപയോഗം ചെയ്യില്ല എന്ന് മുഖഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ചാര്‍ജ് ചെയ്യപ്പെട്ട കേസുകള്‍ പുനപരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. സംസ്ഥാന പൊലീസ് കൈകാര്യം ചെയ്യുന്ന യു.എ.പി.എ കേസുകള്‍ പുനപരിശോധനയില്‍ തിരുത്താന്‍ സര്‍ക്കാറിനു കഴിയും. സിബി.ഐ എടുത്ത യു.എ.പി.എ കേസുകള്‍ സംസ്ഥാന സര്‍ക്കാറിന് പുനപരിശോധിക്കാനാവില്ല. അതുകൊണ്ടുതന്നെ യു.എ.പി.എയുടെ പേരില്‍ സര്‍ക്കാറിനെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ വസ്തുതകളെ ശരിയായ രീതിയില്‍ കാണാതെയുള്ളതാണ്.
വിവരാവകാശ നിയമം:
ഭരണ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിന് വിവരാവകാശ നിയമം ഫലപ്രദമായി വിനിയോഗിക്കണം. അത് മന്ത്രിസഭാ തീരുമാനം ജനങ്ങളില്‍ എത്തുന്നതില്‍ എന്തെങ്കിലും വിലക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നിയിട്ടില്ല. മറിച്ച് അത് താമസമില്ലാതെ ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് എല്‍.ഡി.എഫ് ചെയ്തിട്ടുള്ളത്. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഉത്തരവായി പുറപ്പെടുവിക്കുന്നതിനൊപ്പം അത് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്നു തീരുമാനമെടുത്തിട്ടുണ്ട്. ഒരപേക്ഷയുമില്ലാതെ തന്നെ മന്ത്രിസഭാ തീരുമാനം ഏതൊരാള്‍ക്കും സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നിന്ന് എടുക്കാനുള്ള സൗകര്യം ഇന്ന് കേരളത്തിലുണ്ട്. 1.1.2016 മുതല്‍ 30-4-2016 വരെയുള്ള മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ അവകാശപ്പെട്ടുള്ള അപേക്ഷയില്‍ കമ്മീഷന്‍ പുറപ്പെടുവിച്ച ഉത്തരവാണ് വിവാദമുണ്ടാക്കിയത്. ഇതുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമത്തിലെ ചില ഭാഗങ്ങളില്‍ വ്യക്തതവരുത്താനാണ് സര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. കാമ്പിനറ്റ് തീരുമാനം ഉത്തരവായി പുറത്തിറങ്ങാല്‍ മാത്രമേ വിവരാവകാശ പ്രകാരം നല്‍കേണ്ടതുള്ളൂ എന്നാണ് ദല്‍ഹി ഹൈക്കോടതിയും സുപ്രീം കോടതിയും പറഞ്ഞത്. എന്നാല്‍ ഇവിടെ മന്ത്രിസഭാ തീരുമാനങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത വരുത്താനാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഈ വിഷയത്തില്‍ എന്തെങ്കിലും കൂടുതല്‍ വ്യക്തതവരുത്തണമെങ്കില്‍ അത് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാം. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാം. ഇതിന്റെ പേരില് വിവാദമുണ്ടാക്കേണ്ട യാതൊരു ആവശ്യവുമില്ല.
നക്‌സല്‍ വര്‍ഗീസ് വധം: വര്‍ഗീസിന്റെ വധവുമായി ബന്ധപ്പെട്ട് വര്‍ഗീസിനെ മോശമായി ചിത്രീകരിച്ച് സത്യവാങ്മൂലം കൊടുക്കുകയുണ്ടായി. ആ സത്യവാങ്മൂലം തെറ്റാണെന്നും അത് തിരുത്തണമെന്നും സി.പി.ഐ.എം തന്നെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്ത് തയ്യാറാക്കിയത് അഫിഡവിറ്റാണ്. സര്‍ക്കാര്‍ മാറിയപ്പോള്‍ കുറച്ചുകാലം അതേ അഭിഭാഷകന്‍ തന്നെയാണ് തുടര്‍ന്നത്. അതുകൊണ്ടാണ് അത്തരമൊരു സത്യവാങ്മൂലം വന്നത്. വര്‍ഗീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ യാതൊരു അഭിപ്രായ വ്യത്യാസവും സി.പി.ഐ.യും സി.പി.ഐ.എമ്മും തമ്മിലില്ല.
ജിഷ്ണുവിന്റെ മരണം:
സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കെതിരെ ശക്തമായി നടപടി സ്വീകരിച്ചത് പിണറായി വിജയന്‍ സര്‍ക്കാറാണ്. കേരളത്തില്‍ ആദ്യമായാണ് സ്വാശ്രയ മാനേജ്‌മെന്റിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായത് ഈ സര്‍ക്കാറിന്റെ കാലത്താണ്. ആ സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പിടിക്കാനുള്ള എല്ലാ നടപടികളും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായി. അതിനിടെ ആ കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടി. ഇത് കേസ് ദുര്‍ബലപ്പെടുത്തി. ഇതിനിടെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോയെങ്കിലും സുപ്രീം കോടതിയും ഹൈക്കോടതി നടപടി ശരിവെക്കുകയാണുണ്ടായത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണ് ഞങ്ങള്‍. സാധ്യമായ എല്ലാ സഹായവും ജിഷ്ണുവിന്റെ കുടുംബത്തിന് ചെയ്തുകൊടുക്കുകയെന്ന ആത്മാര്‍ത്ഥമായ നിലപാടാണ് സര്‍ക്കാറിന്. ജിഷ്ണുവിന്റെ കുടുംബത്തിന് അവര്‍ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല എന്ന പരാതിയുണ്ടായി. അവര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിച്ചു. അത് പരിശോധിച്ച് തുടര്‍ നടപടികള്‍ മുഖ്യമന്ത്രി മുന്നോട്ടു പോകുന്നതിനിടെ ഡി.ജി.പി ഓഫീസിനു മുമ്പില്‍ സമരം നടന്നത്. ഡി.ജി.പി ഓഫീസിനു മുമ്പില്‍ നടന്ന ആ സമരം പരിപാടി ഒഴിവാക്കാമായിരുന്നു. പകരം മുഖ്യമന്ത്രി കണ്ട് നടപടി ക്രമങ്ങളില്‍ തൃപ്തിയില്ലെന്ന് അറിയിക്കായമാിരുന്നു. ഡി.ജി.പി ഓഫീസിന്റെ പരിസരം 2002ല്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന സമയത്ത് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചതാണ്. അതിനുശേഷം അവിടെ സമരം നടത്താന്‍ പൊലീസ് അനുവദിക്കാറില്ല. അവിടെനിന്നും മഹിജയെ അവിടെ റിമൂവ് ചെയ്യുകയാണുണ്ടായത്.
അതിനിടെ എന്തെങ്കിലും അതിക്രമം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ നിന്നു വ്യക്തമല്ല. എന്നാല്‍ ജിഷ്ണുവിന്റെ അമ്മ തന്നെ മര്‍ദ്ദിച്ചതായി പരാതി നല്‍കി. ഇത് പരിശോധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കുകയുണ്ടായി. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ കുടുംബത്തിന് ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ തിരുവനന്തപുരത്ത് സമരം അവസാനിപ്പിച്ചു. കേസില്‍ ഇപ്പോഴും സര്‍ക്കാര്‍ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്.തമിഴ്‌നാടില്‍ ഒളിവില്‍ കഴിയുന്ന ശക്തിവേലിനെ പിടികൂടി. എന്നാല്‍ ശക്തിവേലിന് ജാമ്യം അനുവദിക്കുകയാണ് കോടതി ചെയ്തത്. അറസ്റ്റു ചെയ്യുന്നതിനുള്ള കാരണം എന്താണെന്ന് ചോദിക്കുന്ന സാഹചര്യമുണ്ടായി. ബാക്കിയുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുകയാണ് ഹൈക്കോടതി ചെയ്തത്. ഇതു ശരിയാണോയെന്ന് ഹൈക്കോടതി തന്നെയാണ് പുനപരിശോധിക്കേണ്ടത്. എന്തുകൊണ്ട് ഹൈക്കോടി ഈ പ്രശ്‌നത്തിന് ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചു എന്നതില്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തേണ്ടതില്ല. വസ്തുതകള്‍ പരിശോധിക്കാതെയുള്ളതാണ് കോടതി വിധി. കേരളത്തിലെനന്ദിഗ്രാമായാരിക്കും വളയം എന്നു പ്രഖ്യാപിച്ചാണ് ബി.ജെ.പിയും കോണ്‍ഗ്രസും വളയത്ത് സമരം നടത്തിയത്. എന്നാല്‍ ശക്തിവേലിനെ അറസ്റ്റു ചെയ്തപ്പോള്‍ ജിഷ്ണുവിന്റെ വീട്ടിലെത്തി ഈ വളയം നന്ദിഗ്രാമാക്കാന്‍ അനുവദിക്കില്ല എന്നാണ് പ്രഖ്യാപിച്ചത്. വളയത്തെ കേരളത്തിലെ നന്ദിഗ്രാം ആക്കാനാവുമോ എന്ന പരീക്ഷണമാണ് ഈ സമരവുമായി ബന്ധപ്പെട്ട് നടന്നത്.
മൂന്നാര്‍:
ഇടുക്കി ജില്ലയില്‍ 1977നു മുമ്പ് കുടിയേറി താമസിക്കുന്നയാളുകള്‍ക്കെല്ലാം തന്നെ ഉപാധി രഹിത പട്ടയം കൊടുക്കണം എന്നാണ് സി.പി.ഐ.എം സ്വീകരിച്ച നിലപാട്. ഇതേ നിലപാടാണ് എല്‍.ഡി.എഫിന്റെയും സര്‍ക്കാറിന്റെയും. പക്ഷേ ആയിരക്കണക്കിന് കൃഷിക്കാര്‍ പട്ടയം കിട്ടാതെ വിഷമിക്കുകയാണ്. അവര്‍ക്ക് ഉടനെ പട്ടയം കൊടുക്കണം എന്നാണ് സര്‍ക്കാര്‍ തീരുമാനം. ആ നടപടി പൂര്‍ത്തിയാവുന്നതിനു മുമ്പ് പലയാളുകളുടെയും ഭൂമി സംബന്ധിച്ച് തര്‍ക്കം ഉയരുന്നുണ്ട്. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി അവിടുത്തെ എം.എല്‍.എമാരായും ഉദ്യോഗസ്ഥരെയും മറ്റും വിളിച്ച് നിലപാട് അറിയിച്ചിട്ടുണ്ട്. ആ നിലപാട് അവിടെ കയ്യേറ്റം പാടില്ല എന്നാണ്. ഇത്തരം കയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ അത് തടയും എ്ന്നതാണ്.
കഴിഞ്ഞദിവസം സംഭവിച്ചത് മൂന്നാറില്‍ ഒരു മുമ്പത്തെ ഉദ്യോഗസ്ഥന്‍ ഒരു സ്ഥലം കയ്യേറി ഷെഡ് കെട്ടിവെച്ചിരുന്നു. ആ ഉദ്യോഗസ്ഥന്‍ താമസിക്കുന്നതിനുവേണ്ടി നിര്‍മാണ പ്രവര്‍ത്തനം തുടങ്ങിവെച്ചു. ആ നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ വേണ്ടിയാണ് സബ് കലക്ടര്‍ ഇടപെട്ടത്. അവിടെ ഉദ്യോഗസ്ഥനെ തടയാനായി പ്രാദേശികമായി ചിലയാളുകള്‍ നീക്കം നടത്തി. ഈ സംഭവം റിപ്പോര്‍ട്ടു ചെയ്ത ഉടനെ സി.പി.ഐ.എമ്മിന്റെ അവിടുത്തെ ജില്ലാ നേതൃത്വം ഇടപെടുകയും അനധികൃതമായ കയ്യേറ്റം തടയുന്നതില്‍ നിന്നും ഉദ്യോഗസ്ഥനെ തടയാന്‍ പാടില്ല എന്ന് നിലപാടെടുക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് എം.എല്‍.എ തന്നെ പറഞ്ഞു ആ നിര്‍മാണ പ്രവര്‍ത്തനം തടയേണ്ടതാണെന്ന്. ഇതാണ് അവിടെ നടന്നത്. സബ് കലക്ടര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നത് പൊലീസിനെ അറിയിച്ചിരുന്നില്ല. ഇത്തരം വിഷയങ്ങളില്‍ ചെയ്യേണ്ടത് പൊലീസിനെ ഔദ്യോഗികമായി അറിയിച്ച് കൂടെക്കൊണ്ടുപോകുകയാണ്. എന്നാല്‍ അവിടെയിപ്പോള്‍ ഒരു ഭൂസംരക്ഷണ സേന പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് വി.എസ് സര്‍ക്കാര്‍കാലത്ത് ഒരു സംരക്ഷണ സേനയുണ്ടായിരുന്നു. എന്നാലിപ്പോള്‍ അവിടെ കുറച്ചുപേര്‍ മാത്രമേ ബാക്കിയുള്ളൂ. എന്നാലിപ്പോള്‍ അവിടെ മറ്റു ചില സേനകളാണുള്ളത്. അവരുമായിട്ടാണ് സംഘര്‍ഷമുണ്ടായത്. പൊലീസിനെ നേരത്തെ അറിയിച്ച് മുന്‍കരുതോലെടെ പോയാല്‍ ഇത്തരത്തിലുള്ള ആക്ഷേപം ഒഴിവാക്കാമായിരുന്നു.