വീണ്ടും കോടിയേരി ബാലകൃഷ്ണൻ …സംഘടനാ സംവിധാനത്തിന്‍റെ കെട്ടുറപ്പും കരുത്തും സംരക്ഷിക്കാൻ കോടിയേരിക്കാകുമോ ? നേരിടാന്‍ പ്രതിസന്ധികള്‍ ഏറെ

തൃശൂര്‍: സിപിഎം  സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തൃശൂരിൽ നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസ്, എഎൻ ഷംസീർ എംഎൽഎ എന്നിവർ ഉൾപ്പെടെ 10 പുതുമുഖങ്ങൾ സംസ്ഥാന സമിതിയിൽ ഇടം നേടി.87 അംഗ സമിതിയിൽ മന്ത്രി സി.രവീന്ദ്രനാഥ് ഉൾപ്പെടെ 9 പേരെ ഒഴിവാക്കി. അതേസമയം, മന്ത്രിസഭാ പുനസംഘടന ഉണ്ടാവില്ലെന്ന്  കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ പാർട്ടിയിൽ നിലനിന്ന വിഭാഗീയയിൽ വലിയ മാറ്റം വന്നുവെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിനകത്ത് വ്യത്യസ്ത ശബ്ദമില്ല . ഏതെങ്കിലും ഒരു നേതാവിന്‍റെ പിന്നിലല്ല ജനങ്ങൾ അണിനിരക്കുന്നത്, പാർട്ടിയുടെ പിന്നിലാണ്.  ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള സംവിധാനം തുടങ്ങും എന്നും കോടിയേരി പറഞ്ഞു.അതേസമയം നേതൃമാറ്റ ചര്‍ച്ചകൾക്ക്  പേരിന് പോലും ഇടം കിട്ടാതെയാണ് സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങുന്നത്. മക്കളുൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസടക്കം പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ആരോപണങ്ങൾ പലതുണ്ടായിട്ടും സംസ്ഥാന സെക്രട്ടറി പദവിയിലെ രണ്ടാം ഊഴത്തിനിറങ്ങിയ കോടിയേരി ബാലകൃഷ്ണന് മുന്നിൽ അതൊന്നും തടസമായതുമില്ല

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മായാത്ത ചിരിയും  സൗമ്യഭാവവുമാണ് പതിവെങ്കിലും മുൻപെങ്ങുമില്ലാത്ത വിധം മുഖം  മങ്ങിയാണ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സമ്മേളനത്തിന് തൃശ്ശൂര്‍ക്ക് വണ്ടികയറിയത്. വിഭാഗീയതയൊഴിവാക്കി നടത്തിയ ജില്ലാ സമ്മളനങ്ങളുടെ എല്ലാം നിറം കെടുത്തി മക്കളുൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് . പാര്‍ട്ടിയും പാര്‍ട്ടി സെക്രട്ടറിയും ഒരുപോലെ പ്രതിരോധത്തിലായ ആരോപണം. രൂക്ഷ വിമര്‍ശനം കണക്കു കൂട്ടിയെങ്കിലും പ്രതീക്ഷിച്ചത്ര പരിക്കില്ലാതെ സമ്മേളന നടപടികൾ തീര്‍ന്നു. നിര്‍ണ്ണായക സമയത്ത് ഉയര്‍ന്ന  വിവാദം ഒരുഘട്ടത്തിലും കോടിയേരിക്കെതിരായ ആയുധമാകാതിരിക്കാനുള്ള ജാഗ്രത തുടക്കം മുതലെ ഉണ്ടായിരുന്നു.

ചര്‍ച്ചകൾക്കുള്ള സാധ്യത മനപൂർവ്വം ഒഴിവാക്കിയാണ്  സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി  സംസ്ഥാന സെക്രട്ടേറിയറ്റ് സംസ്ഥാന സമിതിയോഗങ്ങൾ പോലും നടന്നത്. സംസ്ഥാന സമ്മേളനത്തിന് കൊടി ഉയരുന്നതിന് തൊട്ട്  മുൻപ് കണ്ണൂരിലെ കൊലപാതകം കൂടിയായതോടെ പാർട്ടിക്കകത്തും  അകത്തും പുറത്തും ചർച്ചകളെല്ലാം ആ വഴിക്കായി.   കോടിയേരി വീണ്ടും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കസേരയിൽ തിരിച്ചെത്തി.

എന്നും അധികാരം തേടിയെത്തിയതാണ് കോടിയേരി ബാലകൃഷ്ണനെന്ന കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രിയ ചരിത്രം. 29 ആം വയസ്സിൽ എംഎൽഎ,  കഴിഞ്ഞ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിസ്ഥാനം അടക്കം പിണറായിയും വിഎസും തമ്മീലെ ദ്വന്ദയുദ്ധത്തിൽ ഗുണമത്രയും കിട്ടിയത് കോടിയേരിക്ക്. ഏറ്റവുമൊടുവിൽ ഇത്തവണയും പകരമൊരു പേരിന് പോലും പ്രസക്തിയില്ലാതായ തെരഞ്ഞെടുപ്പിൽ പക്ഷെ കോടിയേരിക്ക് മുന്നിൽ കടമ്പകൾ ഏറെയാണ്.

16 വര്‍ഷത്തെ പിണറായി യുഗത്തിന് പിന്നാലെ എത്തിയ കോടിയേരി കഴിഞ്ഞ മൂന്ന് വര്‍ഷം മുഖ്യന്ത്രിക്കും സര്‍ക്കാറിനും പുറകിൽ മാത്രം പാര്‍ട്ടിയെ നിര്‍ത്തിയെന്ന ആരോപണം നിലവിലുണ്ട്. മാണിയെ മുൻനിര്‍ത്തിയുള്ള മുന്നണി വിപുലീകരണ ചര്‍ച്ചകൾ. പൊതു തെരഞ്ഞെടുപ്പിനെ വെല്ലും വിധം ചെങ്ങന്നൂരിൽ ഉപതെരഞ്ഞെടുപ്പ് വരുന്നു. പിന്നാലെ ലോക് സഭയിലേക്കും.

സംഘടനാ സംവിധാനത്തിന്‍റെ കെട്ടുറപ്പും കരുത്തും സംരക്ഷിക്കാൻ കോടിയേരിക്കാകുമോ ? രാഷ്ട്രീയ കൊലപാതകങ്ങളിലും അനധികൃത സ്വത്തുസമ്പാദനമടക്കം  നയവ്യതിയാനങ്ങളിലും നിലപാടെന്താകും ? പിണറായിക്ക് വിധേയമെന്ന ചീത്തപ്പേരിൽ നിന്ന് പാര്‍ട്ടിയെ വീണ്ടെടുക്കുമോ? മറുപടി കാക്കുകയാണ് രാഷ്ട്രീയ കേരളം.

Top