സിപിഐഎം സംസ്ഥാന സമിതിയോഗത്തിന് ഇന്ന് തുടക്കം; തോമസ് ചാണ്ടി വിഷയം ചര്‍ച്ചയാകും

രണ്ട് ദിവസത്തെ സിപിഐഎം സംസ്ഥാന സമിതിയോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. മന്ത്രി തോമസ് ചാണ്ടിക്കെതിരായ വിഷയം തന്നെയാകും യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. തോമസ് ചാണ്ടിയുടെ രാജിക്കുള്ള സമ്മര്‍ദ്ദമേറിയിരിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. സോളാര്‍ റിപ്പോര്‍ട്ട്, പാര്‍ട്ടി സമ്മേളനങ്ങള്‍, ജനജാഗ്രത യാത്ര, സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നിവയെല്ലാം യോഗത്തില്‍ ചര്‍ച്ചയാകും. അതിനിടെ മന്ത്രിയുടെ കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാരിന് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നാണ് വിവരം. നിയമോപദേശത്തിന്റെ പൂര്‍ണ വിവരം ലഭ്യമല്ല. നിയമോപദേശം ലഭിച്ച സാഹചര്യത്തില്‍ തോമസ് ചാണ്ടിയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തിര എല്‍ഡിഎഫ് യോഗം ഞായറാഴ്ച്ച ചേരും. ഇന്നലെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നോടിയായി തോമസ് ചാണ്ടിക്കെതിരെ മുന്നണി നേതൃത്വം രംഗത്തെത്തിയിരുന്നു. രാജിക്കാര്യത്തില്‍ തോമസ് ചാണ്ടി സ്വയം തീരുമാനമെടുക്കണമെന്ന നിലപാട് പാര്‍ട്ടി നേതൃത്വം മന്ത്രിയെ അറിയിച്ചു. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്നുമാണ് നേതൃത്വത്തിന്റെ കണ്ടെത്തല്‍. അതേസമയം, മന്ത്രി രാജിവെക്കേണ്ടെന്ന നിലപാടാണ് എന്‍സിപി നേതൃത്വത്തിനുള്ളത്.

Top