ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്കു പിന്നാലെ സിപിഎമ്മിന് പാര്‍ലമെന്റിലെ ഓഫീസും നഷ്ടപ്പെടുമെന്ന് ആശങ്ക. ഈ ഇലക്ഷനില്‍ സി.പി.എം. എം.പിമാരുടെ എണ്ണം വെറും മൂന്നായി ചുരുങ്ങി. ഇതോടെയാണ് പാര്‍ലമെന്റിലെ പാര്‍ട്ടി ഓഫീസ് നഷ്ടമായേക്കുമൊ എന്ന ആശങ്ക ശക്തമാകുന്നത്. പാര്‍ലമെന്റ് മന്ദിരത്തിലെ മൂന്നാം നിലയില്‍ 135-ാം നമ്പര്‍ മുറിയാണ് സി.പി.എം ഓഫീസായി ഉപയോഗിച്ചിരുന്നത്.
പതിറ്റാണ്ടുകളായി പാര്‍ട്ടി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നിടമാണ് ഇപ്പോള്‍ നഷ്ടപ്പെടലിന്റെ വക്കിലുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നുപേരെ മാത്രമാണ് സി.പി.എമ്മിനു ലോക്സഭയിലേക്ക് എത്തിക്കാനായത്. രാജ്യസഭയില്‍ നിലവിലുള്ളത് അഞ്ച് എം.പിമാരാണ്. ഒമ്പത് എം.പിമാരുണ്ടായിരുന്ന 2014ലെ തെരഞ്ഞെടുപ്പ് സാഹചര്യത്തിലും പാര്‍ട്ടി ഓഫീസ് നഷ്ടപ്പെടുമെന്ന ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ സീതാറാം യെച്ചൂരി രാജ്യ സഭാ അംഗമായതിനാല്‍ പാര്‍ട്ടി രക്ഷപ്പെട്ടു. അതേസമയം സീതാറാം യെച്ചൂരി ഇനി മത്സരിക്കാനില്ലെന്ന നിലപാടെടുത്തതോടെ രാജ്യ സഭയിലും ശക്തനായ നേതാവില്ലാത്ത അവസ്ഥയിലാണ് പാര്‍ട്ടി.
2004ല്‍ സിപിഎം 43 സീറ്റുനേടിയിരുന്നു. ബി.ജെ.പിയും കോണ്‍ഗ്രസ്സും കഴിഞ്ഞാല്‍ മികച്ച പരിഗണനയാണ് സി.പി.എമ്മിനു പാര്‍ലമെന്റ് മന്ദിരത്തിലടക്കം ലഭിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ശക്തി കേന്ദ്രങ്ങളായ ബംഗാളിലും ത്രിപുരയിലും പാര്‍ട്ടി തകര്‍ന്നടിയുകയും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്ന കേരളത്തില്‍ വിജയം ഒരു സീറ്റിലൊതുങ്ങുകയും ചെയ്തു. വിജയം ഉറപ്പിച്ച സീറ്റുകളില്‍ പോലും ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സ്ഥാനാര്‍ത്ഥികള്‍ തോല്‍ക്കുന്ന സാഹചര്യവുമുണ്ടായി.
എം.പിമാര്‍ക്ക് വിശ്രമിക്കാനും ആവശ്യമെങില്‍ പാര്‍ട്ടിക്ക് വാര്‍ത്താ സമ്മേളങ്ങള്‍ നടത്തുന്നതിനും പാര്‍ലമെന്റ് ഓഫീസില്‍ സൗകര്യമുണ്ടായിരുന്നു. തെരഞ്ഞടുപ്പിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സി.പി.ഐക്ക് ഓഫീസ് നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പാ്ര്ട്ടി ആശങ്കയിലായിരിക്കുന്നത്.