സംസ്ഥാനത്തെ മുഴുവന്‍ പാര്‍ട്ടി ഓഫീസുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ട് നല്‍കും:കോടിയേരി

തിരുവനന്തപുരം: കനത്ത മഴയിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോൾ സഹായഹസ്തം വാഗ്ദാനം ചെയ്ത് ഭരണ കക്ഷിയായ  സി.പി.എം രംഗത്ത് .സി.പി.ഐ.എമ്മിന്റെ സംസ്ഥാനത്തെ എല്ലാ പാര്‍ട്ടി ഓഫീസുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിട്ട് നല്‍കുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് അതാത് പ്രദേശത്തെ സി.പി.ഐ.എം പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടാമെന്നും സംസ്ഥാന സെക്രട്ടറി അറിയിച്ചു.സംസ്ഥാനത്തെ 12 ജില്ലകളില്‍ നിലവില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മാത്രം 29ഓളം മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വ്യോമനാവികകര സേനകള്‍ സുരക്ഷ ദൗത്യവുമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.സംസ്ഥാനം നേരിടുന്ന കടുത്ത പ്രതിസന്ധിയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായി ഒരുപാട് രാഷ്ട്രീയരാഷ്ട്രീയേതര സംഘടനകള്‍ മുന്നോട്ട് വരുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മഴക്കെടുതിയിൽ ഇതുവരെ 94 പേർ മരിച്ചതായാണ് കണക്ക്. വെള്ളിയാഴ്ച വൈകിട്ട് ആറു വരെയുള്ള കണക്ക്. സംസ്ഥാനത്ത് ആകെ 1155 ക്യാംപുകളിലായി 1,66,538 പേരാണുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിവിധ സ്ഥലങ്ങൾ വെള്ളത്തിലായതോടെ ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമനസേനയും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നു. ശനിയാഴ്ച രാവിലെ മുതൽ കൂടുതൽ ഹെലികോപ്റ്ററുകൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Top