ബംഗാളില്‍ സോണിയാ ഗാന്ധിയും സീതാറാം യെച്ചുരിയും ഭായി ഭായി… സിപിഎമ്മും കോണ്‍ഗ്രസും ഒരേ മുന്നണിയായി ഇനി തിരഞ്ഞെടുപ്പ് പോരാട്ടം

കൊല്‍ക്കത്ത: ബംഗാള്‍പിടിക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേരാമെന്ന് ഇടതുപാര്‍ട്ടികളുടെ സംയുക്ത യോഗത്തില്‍ തീരുമാനം. ജനാധ്യപത്യം പുനസ്ഥാപിക്കാന്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബിമന്‍ ബോസ് പറഞ്ഞു. കോണ്‍ഗ്രസ് സന്നദ്ധമായാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്‍ക്കത്തയില്‍ ചേര്‍ന്ന പതിനൊന്ന് ഇടതുപാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. അതേ സമയം ഇനി അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത് അടുത്ത ദിവസങ്ങളില്‍ ചേരുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗമാണ് ബംഗാളിലെ ഇടതുമുന്നണി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ട സാഹചര്യത്തില്‍ വിഭിനമായി നിലപാടെടുക്കുന്നത് ആത്മഹത്യപരമായിരിക്കും.

നേരത്തെ തന്നെ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടേണ്ടതിന്റെ ആവശ്യകത സിപിഐഎം ബംഗാള്‍ സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയുള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. മമതാ ബാനര്‍ജിയുടെ ഭരണത്തിനു കീഴില്‍ സംസ്ഥാനത്ത് ജനാധ്യപത്യം നടപ്പാകുന്നില്ലെന്ന് ഇരു പാര്‍ട്ടികളും ആക്ഷേപമുന്നയിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ ഭൂരിപക്ഷം കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ടതിന്റെ ആവശ്യകത കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഉടനടി തീരുമാനം എടുക്കും. ഫെബ്രുവരി 13 മുതല്‍ ചേരുന്ന രണ്ട് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് സിപിഐഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.

പ്രകാശ് കാരാട്ട് ഉള്‍പ്പടെയുള്ള സിപിഐഎം നേതൃത്വത്തിലെ ഒരു വിഭാഗം കോണ്‍ഗ്രസ് സഖ്യത്തിന് എതിരാണ്. കോണ്‍ഗ്രസിനെയും ബിജെപിയെയും ഒരുപോലെ എതിര്‍ത്ത് ഇടതു ബദല്‍ പടുത്തുയര്‍ത്താനാണ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. ഇത് നടപ്പാക്കണമെന്നാണ് കാരാട്ട് വിഭാഗം ആവശ്യപ്പെടുന്നത്. എന്നാല്‍ സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള മറുവിഭാഗം കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന നിലപാടിലാണ്. അതുകൊണ്ടാണ് സിപിഐഎം കേന്ദ്രകമ്മിറ്റി ചേരും മുമ്പ് ബംഗാള്‍ നേതാക്കള്‍ ഇടതുമുന്നണി യോഗം വിളിച്ചു ചേര്‍ത്ത് കോണ്‍ഗ്രസ് സഖ്യത്തിന് പതിനൊന്ന് ഇടതുപാര്‍ട്ടികളുടെ സമ്മതം നേടിയെടുത്തത്.

കോണ്‍ഗ്രസുമായി കേരളത്തില്‍ ആര്‍എസ്പിയും ജെഡിയുവും സഖ്യത്തിലാണ് . ഈ കക്ഷികളെ കോണ്‍ഗ്രസ് ബന്ധത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഇടതുമുന്നണിയില്‍ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ കേരള നേതൃത്വം ശക്തമാക്കുന്നതിനിടെയാണ് പുതിയ തര്‍ക്കം. അതുകൊണ്ട് തന്നെ കേന്ദ്രകമ്മിറ്റി യോഗം സിപിഐഎമ്മിനെ സംബന്ധിച്ച് നിര്‍ണായകമാണ്.

Top