കോഴിക്കോട്: യുഎപിഎ കേസില്‍ അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം സ്ഥിരീകരിച്ച് സിപിഎം. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും സി.പി.ഐ.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് റെയ്ഡ് നടന്നതെന്നും പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം പി.കെ പ്രേനാംഥ് പറഞ്ഞു.കുറച്ചു കാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചവരാണെങ്കിലും ഇവരുടെ വീടുകളില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ മാവോയിസ്റ്റ് ബന്ധത്തിന് തെളിവാണെന്നും പോലീസ് റെയ്ഡ് നടന്നത് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉറച്ച പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലാണെന്നും പറഞ്ഞു.പന്നിയങ്കരയില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് സിപിഎം ജില്ലാ നേതാക്കള്‍ ഇക്കാര്യത്തില്‍ പരസ്യപ്രതികരണം നടത്തിയത്.
‘ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിനു വ്യക്തമായ തെളിവുണ്ട്. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ല. സ്ത്രീകളടക്കമുള്ള പതിനഞ്ചോളം പേരുടെ സാന്നിധ്യത്തില്‍ ആ രണ്ടു ചെറുപ്പക്കാരുടെ വീട്ടില്‍ നിന്ന് അവ കണ്ടെത്തിയതാണ്.താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസിന്റെ ഭീഷണി മൂലമല്ല, സ്വയം വിളിച്ചതാണ്. സി.പി.ഐ.എം പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലാണ് ഇരുവരുടെയും വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്. പിടിച്ചെടുത്ത രേഖകളെല്ലാം ഇവരുടെ മാവോയിസ്റ്റ് ബന്ധത്തിനു തെളിവാണ്.’- അദ്ദേഹം പറഞ്ഞു.
മുന്‍ സിപിഎം പ്രവര്‍ത്തകര്‍ കൂടിയായ അലനെയും താഹയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ശേഷം ഇതാദ്യമായിട്ടാണ് സിപിഎമ്മിന്റെ പരസ്യ പ്രതികരണം വന്നത്. അറസ്റ്റ് ചെയ്യുമ്പോള്‍ താഹ ഉച്ചത്തില്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പോലീസ് ഭീഷണിയെ തുടര്‍ന്നായിരുന്നില്ല. ഈ വാദം തെറ്റാണെന്നും താഹ സ്വയം വിളിച്ചതാണെന്ന് ബോദ്ധ്യപ്പെട്ടതായും സിപിഎം പറഞ്ഞു.
ഇരുവര്‍ക്കും എതിരേയുള്ള തെളിവുകള്‍ പോലീസ് ബോധപൂര്‍വ്വം സൃഷ്ടിച്ചതല്ല. കിട്ടിയ രേഖകളെല്ലാം ഇരുവര്‍ക്കും ഉണ്ടായിരുന്ന മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവാണ്. പാര്‍ട്ടി അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍. നവംബര്‍ ഒന്നാം തീയതിയാണ് പന്തീരാങ്കാവില്‍ നിന്നും അലനെയും താഹയേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. നേരത്തേ ഇരുവരേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സിപിഎം കടുത്ത രീതിയില്‍ തന്നെ വിമര്‍ശിച്ചു. തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്ന നിലപാടാണ് സിപിഐ യുടേത്. രാജന്‍ കേസില്‍ ഈച്ചര വാര്യരോട് അനീതി കാട്ടിയവരാണ് സിപിഐയെന്നും സിപിഎം വിശദീകരണ യോഗത്തില്‍ പറഞ്ഞു.