രാജേഷിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇടവക്കോട് കരിമ്പുക്കോണത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാവാം അക്രമത്തില്‍ കലാശിച്ചത് എന്ന് കരുതുന്നതായും നാഗപ്പന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനി നിവാസികള്‍ക്കിടയില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നടന്നു വന്നിരിന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നുണ്ടായ സംഭവം എന്നാണ് കരുതുന്നത് – നാഗപ്പന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ശ്രീകാര്യം ഇടവക്കോട് ശാഖാ കാര്യവാഹ് കല്ലമ്പള്ളി വിനായക നഗര്‍ കുന്നില്‍ വീട്ടില്‍ രാജേഷി(34)നെയാണ് ആക്രമികൾ വെട്ടിക്കൊന്നത്. വിനായക നഗറിലെ ഗൗരി സ്റ്റോറില്‍ പാല്‍ വാങ്ങവേ കടയുടെ മുന്നിലിട്ടാണ് സിപിഎം, ഡിവൈഎഫ്‌ഐ ഗുണ്ടകളായ മണിക്കുട്ടന്റെ നേതൃത്വത്തില്‍ പ്രജീത്ത്, എബി, സിബി, അഖില്‍ എന്നിവരടങ്ങുന്ന സംഘം ആക്രമിച്ചത്. സ്ഥലത്ത് ഭീകാരാന്തരീക്ഷം സൃഷ്ടിച്ചശേഷം അക്രമിസംഘം രാജേഷിനെ വെട്ടുകയായിരുന്നു. ബൈക്കിലും ഓട്ടോയിലുമെത്തിയ പതിനഞ്ചംഗ സംഘം ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിന്റെ കൈവെട്ടിമാറ്റി സമീപത്തെ പുരയിടത്തില്‍ എറിഞ്ഞത്. മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പത്തരയോടെ മരണമടഞ്ഞു.രാജേഷിന്റെ ശരീരത്തില്‍ നാല്‍പതിലേറെ വെട്ടുകളുണ്ട്.വലതു കൈ വെട്ടി മാറ്റി അടുത്ത പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളില്‍ ഉള്‍പ്പെടെ ശരീരത്തിലും നാല്‍പതോളം വെട്ടേറ്റ് രക്തം വാര്‍ന്ന നിലയില്‍ ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ശ്രീകാര്യം പോലീസാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ നിന്നും സ്വകാര്യ ആശിപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി പത്തരയോടു കൂടി രാജേഷിന് അന്ത്യം സംഭവിച്ചു.
ഇയാളുടെ രണ്ട് കാലുകള്‍ക്കും ഇടതു കൈയ്യിലുമായി ആഴത്തിലുള്ള മുറിവുകളും മൊത്തം നാല്‍പതോളം വെട്ടുകളും ശരീരത്തില്‍ ഉള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തിന് പിന്നില്‍ സിപിഐഎമ്മിന്റെ അക്രമരാഷ്ട്രീയമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന്് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവധ ഭാഗങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നഗരത്തില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചിരുന്നു. ഇതിനിടയിലാണ് വീണ്ടും അക്രമസംഭവം ഉണ്ടായിരിക്കുന്നത്.

Top