മൂന്നാർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്തെ പാർട്ടി സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ദേവികുളം മുൻ എംഎൽഎ എസ്. രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കാൻ ശുപാർശ. സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റിയാണ് കർശന നടപടിക്ക് ശുപാർശ ചെയ്തത്. ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാനാണ് ശുപാർശ.
ശുപാർശ ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയവയാണ് രാജേന്ദ്രനെതിരായ അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകൾ.
ആരോപണത്തിൽ രാജേന്ദ്രൻ കുറ്റക്കാരനാണെന്ന് നേരത്തെ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പാർട്ടിയിൽ നിന്ന് അകലം പാലിച്ചുവരികയാണ് രാജേന്ദ്രൻ. പാർട്ടി പരിപാടികളിലോ സമ്മേളനങ്ങളിലോ പങ്കെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് മറുപടിയും നൽകിയിരുന്നില്ല. ഇതാണ് രാജേന്ദ്രനെതിരെയുള്ള നടപടി എടുക്കാൻ നിർബന്ധിതമായത്.