ജെഎന്‍യു വിഷയം തിരഞ്ഞെടുപ്പ് ആയുധമാക്കാന്‍ സിപിഎം;ഫാസിസത്തെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്കേ കഴിയൂ എന്ന സന്ദേശവുമായി പാര്‍ട്ടി,നിലപാടിനെ പ്രകീര്‍ത്തിച്ച് ദേശീയമാധ്യമങ്ങളും.

തിരുവനന്തപുരം: ദേശീയ തലത്തില്‍ നഷ്ടമായെന്ന് പറയപ്പെടുന്ന പ്രസക്തി ജെഎന്‍യുവിലൂടെ തിരിച്ച് പിടിക്കാനാണ് സിപിഎം ശ്രമം. കണ്ണൂരിലെ അക്രമങ്ങളും ടി പി ചന്ദ്രശേഖരന്‍ വധവും ചൂണ്ടിക്കാട്ടി സിപിഐഎം ‘കൊലയാളി പാര്‍ട്ടി’യാണെന്ന് ആരോപിച്ച് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് വോട്ടുകള്‍ അടിച്ചെടുത്ത ബിജെപിആര്‍എസ്എസ്‌സംഘപരിവാര്‍ പാര്‍ട്ടികള്‍ക്ക് ജെഎന്‍യു സംഭവം തിരിച്ചടിയാകും. ജെഎന്‍യുവിലെ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ സിപിഐഎമ്മിനെ രാജ്യദ്രോഹികള്‍ എന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാക്കിസ്ഥാന്‍ എന്നും വിളിച്ച് ആക്രമിക്കുന്ന ബിജെപിആര്‍എസ്എസ് നിലപാട് കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് സിപിഐ എം വിലയിരുത്തുന്നു.

സംഘപരുവാര്‍, ആര്‍എസ്എസ് പാര്‍ട്ടികളുടെ മുസ്ലിം വിരുദ്ധതയെ ദേശീയതലത്തില്‍ എതിര്‍ക്കാന്‍ സിപിഐ എം നേതൃത്വം മുന്നോട്ടുവന്നതില്‍ കേരളത്തിലെ മുസ്ലിം പണ്ഡിതരും യുവാക്കളും സന്തോഷത്തിലാണ്. കോണ്‍ഗ്രസ്സുപോലും ഇക്കാര്യത്തില്‍ മടിച്ച് നില്‍ക്കുമ്പോള്‍ ആര്‍എസ്എസ്ബിജെപി അജണ്ടയ്‌ക്കെതിരേ ആഞ്ഞടിച്ച് സിപിഐ എം കേന്ദ്രസംസ്ഥാന നേതൃത്വം രംഗത്തുവന്നത് ദേശീയ മാദ്ധ്യമങ്ങള്‍ ഉള്‍പ്പെടെ പ്രകീര്‍ത്തിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ പത്ത് വര്‍ഷമായി ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ എസ്എഫ്‌ഐയുടെ അടിത്തറയിളകിയ നിലയിലായിരുന്നു. ദീര്‍ഘകാലമായി എസ്എഫ്‌ഐ, എഐഎസ്എഫ് തുടങ്ങിയ ഇടതുപക്ഷ സംഘടനകളുടെ കുത്തകയായിരുന്നു സര്‍വ്വകലാശാല യൂണിയന്‍. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ് മാവോയിസ്റ്റ് സ്വഭാവമുള്ള തീവ്ര ഇടതുസംഘടനയായ ‘ഐസ്സ’ ഇവരുടെ കുത്തക തകര്‍ത്തതോടെ സിപിഐ എമ്മിന് പശ്ചിമബംഗാള്‍ പോലെയായിരുന്നു ജെഎന്‍യു.

നരേന്ദ്ര മോദി അധികാരതതിലെത്തിയതോടെ ജെഎന്‍യു സ്റ്റുഡന്‍സ് യൂണിയന്‍ പിടിച്ചെടുക്കാന്‍ ബിജെപിആര്‍എസ്എസ്സ് ശ്രമം ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് അഫ്‌സല്‍ഗുരുവിനെ തൂക്കിക്കൊന്ന ഫെബ്രുവരി ഒമ്പതിന് ഇടതുപക്ഷ സംഘടനകള്‍ നടത്തിയ യോഗത്തില്‍ ഇന്ത്യാവിരുദ്ധമുദ്രാവാക്യം വിളിച്ചുവെന്ന ആരോപണവും യൂണിയന്‍ ചെയര്‍മാര്‍ കനയ്യ കുമാറിനെ അറസ്റ്റു ചെയ്തത്.ഈ സംഭവത്തില്‍ സിപിഐ എമ്മിനോ, എസ്എഫ്‌ഐയ്‌ക്കോ കാര്യമായ സ്വാധീനം ഉണ്ടായിരുന്നില്ല. എന്നാല്‍ കനയ്യ കുമാറിനെ രാജ്യദ്രോഹകുറ്റം ചുമത്തി അറസ്റ്റ് ചെയ്തതോടെ സിപിഐ എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഇടപെട്ടു. ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയോടൊപ്പം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ട് കനയ്യ കുമാറിനെതിരേ ചുമത്തിയത് കള്ളക്കുറ്റമാണെന്നും വിട്ടയക്കണമെന്നും അപേക്ഷ നല്‍കിയതോടെ സംഘപരിവാറുകാര്‍ സിപിഐഎമ്മിനെതിരേ തിരിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് സംഘം ഡല്‍ഹി എകെജി ഭവനുമുന്നില്‍ സീതാറാം യെച്ചൂരിയുടെ പ്രത്യേക അഭിമുഖം പകര്‍ത്തുന്നതിനിടെയാണ് ‘ആം ആംദ്മി സേന’ എന്ന പേരില്‍ മൂന്നുപേര്‍ പാര്‍ട്ടിയുടെ ഓഫീസ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഓഫീസിന്റെ മുന്നിലെ ബോര്‍ഡില്‍ കരിമഷി സ്‌പ്രേ ഉപയോഗിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് (പാക്കിസ്ഥാന്‍) എന്നാക്കുകയും ചെയ്തു.

ഈ സംഭവം കേരളത്തിലെ ചാനലുകള്‍ക്ക് ചൂടുള്ള വാര്‍ത്തയായി. തൊട്ടടുത്തദിവസം സീതാറാം യെച്ചൂരിക്ക് സംഘപരിവാര്‍വക വധഭീഷണി വന്നത് ദേശീയ വാര്‍ത്തയായി. ഇതോടെ സംഘപരിവാറിനും ബിജെപിക്കുമെതിരായ തുറന്ന ആക്രമണത്തി്‌ന് സിപിഐ എം തുടക്കം കുറിച്ചു.ഗാന്ധിഘാതകര്‍, ഗോഡ്‌സെയെ രാഷ്ട്രപിതാവാക്കാന്‍ ശ്രമിക്കുന്നവര്‍ തുടങ്ങിയ മുന്‍ ആക്ഷേപങ്ങളെ സീതാറാം യെച്ചൂരി വീണ്ടും മാദ്ധ്യമശ്രദ്ധയില്‍കൊണ്ടുവന്നു. ഗാന്ധിഘാതകരുടെ സര്‍ട്ടിഫിക്കറ്റ് സിപിഐഎമ്മിന് ആവശ്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചത് രാജ്യാന്തരതലത്തില്‍തന്നെ ചര്‍ച്ചയായി.

കേരളത്തിലും ഈ പ്രചരണം സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും വ്യാപമാക്കിയതോടെ ബിജെപിആര്‍എസ്എസ്സ് നേതാക്കള്‍ക്ക് കനത്ത പ്രഹരമായി. തങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്താനാണ് കേന്ദ്രസര്‍ക്കാരും ആര്‍എസ്എസ്സും ശ്രമിക്കുന്നതെന്ന് കേരളത്തിലെ സിപിഐ എം നേതാക്കള്‍ വിളിച്ചുപറഞ്ഞു. ഇത് ന്യൂനപക്ഷ സമൂഹത്തില്‍ നല്ല സ്വീകരണമാണ് ലഭിച്ചത്. മുസ്ലിംലീഗിന്റെ ‘ചന്ദ്രിക’ പത്രം ഉള്‍പ്പെടെ ജെഎന്‍യു അറസ്റ്റിനെതിരേ ആഞ്ഞടിക്കുന്നത് എല്‍ഡിഎഫിന് ഗുണമാകും. സിറാജ്, തേജസ് തുടങ്ങിയ പത്രങ്ങള്‍ ‘ദേശദ്രോഹ’ വിഷയത്തില്‍ സിപിഐഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ പ്രത്യേക അഭിമുഖങ്ങളും നല്‍കിത്തുടങ്ങിയിക്കുന്നു.

സിപിഐഎമ്മിന്റെ പ്രചരണം ഏറ്റുപിടിച്ച് സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ മുസ്ലിംയുവാക്കള്‍ ഗാന്ധിഘാതകരുടെ ദേശസ്‌നേഹത്തെക്കുറിച്ച് വ്യാപകപ്രചരണമാണ് നടത്തുന്നത്. സിപിഐ എമ്മിനും സീതാറാം യെച്ചൂരിക്കും പിന്തുയര്‍പ്പിച്ചുകൊണ്ടാണ് മിക്ക പോസ്റ്റുകളും. നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേ സീതാറാം യെച്ചൂരിയുടെ ബിജെപി വിരുദ്ധപ്രസംഗം ദേശീയ മാദ്ധ്യമങ്ങള്‍ ആഘോഷമാക്കി. എല്ലാ മലയാളപത്രങ്ങളും ചാനലുകളും ഇത് ഏറ്റുപിടിച്ചു. ‘ഗാന്ധിഘാതകര്‍’ എന്ന ആക്രമണം തന്നെയാണ് ബിജെപിക്ക് തിരിച്ചടിയായിരിക്കുന്നത്.

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ‘ഗാന്ധിവധം, ഗോഡ്‌സെ’ എന്നിവ ആയുധമാക്കാന്‍ സിപിഐഎം തീരുമാനിച്ചുകഴിഞ്ഞു. കേരളത്തില്‍ കോണ്‍ഗ്രസിനെതിരേ അഴിമതി കഥകള്‍ ഉയര്‍ത്തുന്നതുപോലെ, ഗാന്ധിവധവും ഗോഡ്‌സെ പ്രതിമ നിര്‍മ്മാണവും ഇതിവൃത്തമാക്കി കലാജാഥകളും നാടകങ്ങളും പാട്ടുകളുമൊരുക്കാന്‍ കലാസംഘടനകള്‍ക്കും യുവജനങ്ങള്‍ക്കും സിപിഐ എം നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പാര്‍ട്ടിയോട് പൊതുവേ അകല്‍ച്ച പാലിക്കുന്ന മുസ്ലിം സമുദായത്തിന്റെ ബിജെപി വിരുദ്ധത മുതലാക്കാനാണ് സിപിഐ എമ്മിന്റേയും എല്‍ഡിഎഫിന്റേയും നീക്കം.

Top