വീണ്ടും ഇടതു മുന്നണി കേരള കോൺഗ്രസ് സഖ്യം: ഇത്തവണ സഖ്യത്തിനെത്തിയത് കേരള കോൺഗ്രസ് വിമത

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ വീണ്ടും എൽ.ഡി.എഫിന്റെ പ്രദേശിക അടവുനയം. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് വിമതയ്ക്ക് എൽ.ഡി.എഫ് പിന്തുണ. വിമത അംഗം അന്നമ്മ രാജു പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചു. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ അന്നമ്മ രാജു ഏഴ് വോട്ടുകൾ നേടിയാണ് വിജയിച്ചത്. കോൺഗ്രസ് വോട്ടെടുപ്പിൽ വിട്ടുനിന്നു. ഇതോടെ യു.ഡി.എഫിന് പഞ്ചായത്തിൽ ഭരണം നഷ്ടമായി.
ഉച്ചകഴിഞ്ഞ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും നടക്കുന്നുണ്ട്. സി.പി.ഐയിലെ സുധർമനും കേരള കോൺഗ്രസിലെ ജോസ് പുത്തൻകാലയുമാണ് മത്സര രംഗത്ത്. ഒരു വർഷത്തേക്ക് അന്നമ്മ രാജുവിനെ പ്രസിഡന്റാക്കാനാണ് എൽ.ഡി.എഫുമായുള്ള ധാരണ. മുൻ പ്രസിഡന്റ് ലൂസിയമ്മ ജെയിംസാണ് അന്നമ്മയ്ക്കെതിരെ മത്സരിച്ചത്. ഇവർക്ക് നാല് വോട്ട് ലഭിച്ചു.
പ്രസിഡന്റു സ്ഥാനത്തെ ചൊല്ലി ബ്ലോക്കിലെ കേരള കോൺഗ്രസ് അംഗങ്ങളായ ലൂസിയമ്മ ജെയിംസും അന്നമ്മ രാജുവും തമ്മിലുള്ള തർക്കം ഭരണപ്രതിസന്ധിയിിേലക്ക് നീങ്ങിയിരുന്നു. ഒന്നേകാൽ വർഷം കഴിയുമ്പോൾ ലൂസിയമ്മ രാജിവയ്ക്കുകയും അന്നമ്മ രാജുവിന് പ്രസിഡന്റ് സ്ഥാനം നൽകാമെന്നുമായിരുന്നു ധാരണ. എന്നാൽ പാർട്ടി നേതൃത്വം ഇതിൽ നിന്ന് പിന്നോട്ടുപോയതോടെയാണ് തർക്കം രൂക്ഷമായത്. ഇതിനിടെ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം അന്നമ്മ രാജുവിന്റെ പിന്തുണയോടെ വിജയിച്ചിരുന്നു.
ബ്ലോക്കിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ആറ് വീതം അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് വിമതനായി വിജയിച്ചുവന്ന ഒരു സ്വതന്ത്രനുമുണ്ട്. സ്വതന്ത്രന്റെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരണം നിലനിർത്തിയിരുന്നത്. കോട്ടയം ജില്ലാ പഞ്ചായത്തിൽ സി.പി.എം പിന്തുണയോടെ കേരള കോൺഗ്രസിലെ സഖറിയാസ് കുതിരവേലിൽ കഴിഞ്ഞ ദിവസം പ്രസിഡന്റായതിന്റെ വിവാദം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കേരള കോൺഗ്രസ് പാർട്ടിയെ തന്നെ രണ്ടു തട്ടിലാക്കുന്നതായിരുന്നു ഈ നടപടി. പ്രദേശിക സഹകരണം മാത്രമാണിതെന്നായിരുന്നു സി.പി.എമ്മിന്റെ വാദം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top