തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഇടപെട്ട് സിപിഎം. ദിവസങ്ങള്‍ നീണ്ടുനിന്ന വിവാദങ്ങള്‍ക്കൊടുവിലാണ് സിപിഎം നേതാക്കളോട് വിശദീകരണം ചോദിക്കുന്നത്. നിഖില്‍ തോമസിന്റെ സീറ്റിനായി ഇടപെട്ടെന്ന ആരോപണം ഉയര്‍ന്നുവന്ന കെഎച്ച് ബാബുജാനോടും പി.എം. ആര്‍ഷോയോടും പാര്‍ട്ടി നേതൃത്വം വിശദീകരണം തേടുകയായിരുന്നു. ഇരുവരും എകെജി സെന്ററിലെത്തി എം.വി.ഗോവിന്ദനെ കണ്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം, വിവാദ വിഷയങ്ങളില്‍ ഇരുവരും പാര്‍ട്ടി നേതൃത്വത്തിന് വിശദീകരണം നല്‍കി. വിവാദങ്ങളില്‍ സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചെന്നാണ് വിവരം.
അതേസമയം നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി ആരോപണം അടക്കം വിവാദങ്ങള്‍ കത്തി നില്‍ക്കെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. എസ്എഫ്‌ഐ നേതാവ് എംകോം പ്രവേശനത്തിന് ഹാജരാക്കിയതെല്ലാം വ്യാജ രേഖകളെന്ന് തെളിഞ്ഞ് ദിവസങ്ങളായിട്ടും വിവാദത്തോട് പ്രതികരിക്കാന്‍ സിപിഎം നേതാക്കളാരും തയ്യാറായിട്ടില്ല. ഒരു വശത്ത് തെറ്റുതിരുത്തല്‍ നയരേഖയുമായി നേതൃത്വം മുന്നോട്ട് പോകുമ്പോള്‍ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്ക് അടക്കം വഴിവിട്ട സഹായം പാര്‍ട്ടി നേതാക്കളില്‍ നിന്ന് കിട്ടുന്ന സാഹചര്യം അടക്കം ചര്‍ച്ചയാകും.
എസ്എഫ്‌ഐ സംസ്ഥാന സമിതിയും ഇന്ന് ചേരുന്നുണ്ട്. വ്യാജ ഡിഗ്രി വിവാദത്തിനു ശേഷം നടക്കുന്ന ആദ്യ യോഗമാണ്.