വയനാട് :ശശി വിവാദം കത്തിനിൽക്കേ സിപിഎമ്മിൽ വീണ്ടും പീഡന വിവാദം. പീഡന ശ്രമത്തിന് പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് വയനാട്ടില്‍ സിപിഎം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. നന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍.കറുപ്പനാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം രാജിവച്ചത്. വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന യുവതിയുടെ പരാതിയിലാണ് അമ്പലവയല്‍ പോലീസ് ബുധനാഴ്ച കേസെടുത്തത്.
പീഡനം സംബന്ധിച്ച പരാതി യുവതി ഇന്നലയാണ് അമ്പലവയല്‍ പോലീസില്‍ നല്‍കിയത്. വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നും യുവതി പരാതിയില്‍ പറയുന്നു. നെന്മേനി പഞ്ചായത്തില്‍ പരാതിക്കാരിയായ യുവതി വീടിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇവരുടെ സ്ഥലം വയല്‍ ആയതിനാല്‍ കളക്ടറുടെ അനുമതി വേണമെന്നും ഇത് തരപ്പെടുത്തി നല്‍കാമെന്നും പ്രസിഡന്റായ കറുപ്പന്‍ യുവതിയെ അറിയിക്കുകയായിരുന്നു.
വീട് ശരിയാക്കി തന്നാല്‍ ചെലവ് വേണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു. ഭര്‍ത്താവ് വന്നിട്ട് പണം നല്‍കാമെന്ന് യുവതി മറുപടി നല്‍കി. എന്നാല്‍, പണം തനിക്ക് വേണ്ടെന്ന് പറഞ്ഞ പ്രസിഡന്റ് നിരന്തരമായി ഫോണില്‍ യുവതിയെ ശല്യം ചെയ്യുകയായിരുന്നു. ഇതിനിടെ പകല്‍ 11 മണിയോടെ താന്‍ തനിച്ചുള്ളപ്പോള്‍ വീട്ടിലെത്തിയ പ്രസിഡന്റ് തന്നെ കയറിപ്പിടിച്ചെന്നും ഒച്ചവെച്ചപ്പോള്‍ അടുക്കളവഴി ഓടിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.