നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദ സാമ്പിള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം പ്രതികളുടേത് തന്നെയാണെന്നു സ്ഥിരീകരിക്കുന്നതിനാണ് നടപടി.
അതേസമയം, കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഉടന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് വിവരം. ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവാരത്തില്‍ 2017 നവംബര്‍ 15ന് ഉദ്യോഗസ്ഥരെ അപായപ്പെടുന്നുള്ള ഗൂഢാലോചന നടന്നു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകള്‍ ഗൂഢാലോചന കേസിലെ നിര്‍ണായക തെളിവാണ്. ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ഉള്‍പ്പെടുന്നവര്‍ ഈ ഗൂഢാലോചനയില്‍ പങ്കാളി ആയെന്നാണ് കണ്ടെത്തല്‍. ഈ ശബ്ദം പ്രതികളുടെത് തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുകയാണ് അന്വേഷണ സംഘത്തിന്റ ലക്ഷ്യം.
രാവിലെ 11 മണിയോടെ ദിലീപ്, അനൂപ്, സുരാജ് എന്നിവര്‍ കാക്കനാട് ചിത്രഞ്ജലി സ്റ്റുഡിയോയില്‍ എത്തിയിരുന്നു. സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദ സാമ്പിളുകള്‍ ഫോറന്‍സിക്ക് പരിശോധനയ്ക്ക് തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും.
ഒരാഴ്ചയ്ക്കുള്ളില്‍ പരിശോധന ഫലങ്ങള്‍ ലഭിക്കും എന്നാണ് പ്രതീക്ഷ. തുടര്‍ന്നായിരിക്കും പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതടക്കം തീരുമാനിക്കുക. ബാലചന്ദ്രകുമാര്‍ കൈമാറിയ ശബ്ദതിന്റെ അധികാരികത ദിലീപ് ചോദ്യം ചെയ്തിട്ടില്ല. ഹൈക്കോടതിയില്‍ ഇത് ശാപവാക്കായിരുന്നു എന്നായിരുന്നു ദിലീപിന്റെ വാദം.
ഇതിനിടെ, കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ എഫ്‌ഐആര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഉടന്‍ ഹൈകോടതിയെ സമീപിക്കും. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ഹൈക്കോടതി തന്നെ പറഞ്ഞ സാഹചര്യത്തിലാണ് എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് കോടതിയെ സമീപിക്കുന്നത്.