തിരുവനന്തപുരം സിആര്‍പിഎഫ് ക്യാമ്പില്‍ വന്‍ഭക്ഷ്യവിഷബാധ; നാന്നൂറോളം ജവാന്മാര്‍ ആശുപത്രിയില്‍

തിരുവനന്തപുരത്തെ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാമ്പില്‍ വന്‍ ഭക്ഷ്യവിഷബാധ. നാനൂറോളം ജവാന്മാര്‍ക്ക് വിഷബാധയേറ്റു. വിഷബാധയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഇരുന്നൂറോളം പേരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റുള്ളവരെ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം കഴിച്ച ഭക്ഷണത്തില്‍ ഉള്‍പ്പെട്ട മത്സ്യത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. പ്രാഥമിക ചികിത്സ നല്‍കി ഇവരെ നിരീക്ഷണത്തില്‍ വെച്ചിരിക്കുകയാണ്.

വയറിളക്കവും ശര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്. ചിലരുടെ ദേഹത്ത് ചുവന്ന തടിപ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഭക്ഷ്യവിഷബാധ ആയതിനാലാണ് എല്ലാവരെയും അഡ്മിറ്റ് ചെയ്തിരിക്കുന്നതെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. അപ്രതീക്ഷിതമായി നിരവധി പേരെ അഡ്മിറ്റ് ചെയ്യേണ്ടി വന്നെങ്കിലും ലീവിലായിരുന്നവര്‍ ഉള്‍പ്പെടെ എത്തിയിട്ടുള്ളതിനാല്‍ ചികിത്സയ്ക്ക് തടസമൊന്നുമില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് ഹോട്ട്‌ലൈന്‍ നമ്പറും ആരംഭിച്ചിട്ടുണ്ട്. നമ്പര്‍: 04752528647.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആരോഗ്യമന്ത്രി കെ.കെ.ശൈലജ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തി ഭക്ഷ്യവിഷബാധയേറ്റവരെ സന്ദര്‍ശിച്ചു. ഗുരുതര സാഹചര്യമില്ലെന്ന് മന്ത്രി സ്ഥിരീകരിച്ചു. വിഷബാധയേറ്റ ജവാന്‍മാരിലധികവും അന്യസംസ്ഥാനക്കാരാണെന്നും മന്ത്രി പറഞ്ഞു. വിഷബാധ ഉണ്ടായത് എങ്ങനെയെന്നറിയാന്‍ സിആര്‍പിഎഫ് ക്യാമ്പിലെ ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

Top