തിരുവനന്തപുരം : ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കേന്ദ്രസേനയെ ലഭിക്കില്ലെന്ന് ഡിജിപി ടി.പി സെന്‍കുമാര്‍. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് അയല്‍ സംസ്‌ഥാനങ്ങളിലെ പോലീസിനെ വരുത്താനേ കഴിയൂ. 19 കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടിരുന്നുവെന്നും ഡിജിപി വ്യക്‌തമാക്കി.നീതിയുക്‌തമായ തെരഞ്ഞെടുപ്പിന് കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ജില്ലാ കളക്‌ടര്‍ പി. ബാലകിരണ്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു .അതേസമയം സംസ്ഥാനത്ത് കേന്ദ്രസേനയുടെ സേവനം ലഭിച്ചാല്‍ കണ്ണൂരിനാകും പ്രഥമ പരിഗണനയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാകളക്ടറെ അറിയിച്ചു. 10 കമ്പനി കേന്ദ്രസേന കണ്ണൂരിലേക്ക് വേണമെന്ന് കളക്ടര്‍ പി.ബാലകിരണ്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നേരിട്ട് അറിയിക്കുകയും ചെയ്തു. ഇതിലാണ് കണ്ണൂരിലേത് അടിയന്തരപ്രാധാന്യമുള്ള കേസായി പരിഗണിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചത്.
അടുത്തകാലത്തുണ്ടായ എല്ലാ തിരഞ്ഞെടുപ്പിലും കേന്ദ്രസേനയുടെ സാന്നിധ്യം ജില്ലയിലുണ്ടായിരുന്നുവെന്നാണ് കത്തില്‍ പറയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും ഇവിടെയുണ്ട്. 1050 സംഘര്‍ഷ സാധ്യതാബൂത്തുകള്‍ കണ്ണൂരിലുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഇതില്‍ തന്നെ 640 എണ്ണം അതി സംഘര്‍ഷ സാധ്യതയുള്ളതാണ്. ഈ ബൂത്തുകളില്‍ വെബ് കാസ്റ്റിങ് നടത്തുന്നുണ്ടെങ്കിലും അത് സുരക്ഷയ്ക്ക് പര്യാപ്തമാകില്ല. ലോക്കല്‍ പോലീസിനും പരിമിതിയുണ്ട്. അതിനാല്‍ കേന്ദ്രസേനയെ വിന്യസിപ്പിക്കണമെന്നാണ് കളക്ടര്‍ ആവശ്യപ്പെട്ടത്.