പകുതി കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്;ഐ.എം വിജയനും തിരഞ്ഞെടുപ്പ് ഡ്യുട്ടിയില്‍

തിരുവനന്തപുരം :ഏഴു ജില്ലകളില്‍ ഇന്നു ആദ്യഘട്ട വോട്ടെടുപ്പ്. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്.തയാറെടുപ്പുകളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ കെ. ശശിധരന്‍ നായര്‍ അറിയിച്ചു. അടുത്ത ഘട്ടം തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും അന്തിമഘട്ടത്തിലാണ്. അവശേഷിക്കുന്ന ഏഴു ജില്ലകളിലെ 1.41 കോടി വോട്ടര്‍മാര്‍ ഈ മാസം അഞ്ചിനു വോട്ടുചെയ്യും.തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടം, മയ്യില്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ കേന്ദ്രങ്ങളില്‍ ഫുട്ബോള്‍ താരം ഐ.എം. വിജയന്‍ എത്തി.തൃശ്ശൂര്‍ കെഎപി ഒന്ന് ആംഡ് ബറ്റാലിയനില്‍ അസിസ്റ്റന്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ് വിജയന്‍.വോട്ടെടുപ്പു സമാധാനപരമായി നടത്താനുള്ള സന്നാഹങ്ങള്‍ പൊലീസും ഏര്‍പ്പെടുത്തി. 38,000 വരുന്ന പൊലീസ് സേന സജ്ജമാണ്. 1316 പ്രശ്നബാധിത ബൂത്തുകള്‍ക്കായി പ്രത്യേക നിരീക്ഷണങ്ങളും ഏര്‍പ്പെടുത്തി. ഇതില്‍ ഏറിയപങ്കും കണ്ണൂരിലാണ് – 643.local election
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 1.11 കോടി വോട്ടര്‍മാര്‍. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ പൂര്‍ത്തിയായി. ബൂത്തുകള്‍ വൈകിട്ടോടെ സജ്ജമാക്കി.നിശബ്ദ പ്രചാരണത്തിന്റെ ദിവസമായ ഇന്നലെ സ്ഥാനാര്‍ത്ഥികള്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലായിരുന്നു. ഇടത്, വലത്, ബി.ജെ.പി മുന്നണികള്‍ ഇത്തവണ സംസ്ഥാനത്തുടനീളം ശക്തമായ ത്രികോണ മത്സര പ്രതീതി സൃഷ്ടിച്ചുവെന്നതാണ് ശ്രദ്ധേയം. മുന്നണിപ്രവര്‍ത്തകര്‍ സ്ലിപ്പ് വിതരണവും മറ്റുമായി ബൂത്തുകള്‍ കേന്ദ്രീകരിച്ച് ഇന്നലെ സ്ക്വാഡുകളായി വോട്ടര്‍മാരെ തേടിയിറങ്ങി. നേതാക്കള്‍ അവസാനവട്ട തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലും. സ്വന്തം ചേരിയില്‍ നിന്നുള്ള ചോര്‍ച്ചകള്‍ തടയല്‍ ഉള്‍പ്പെടെ പഴുതടച്ചുള്ള രഹസ്യ നീക്കങ്ങളിലായിരുന്നു കൂടുതല്‍ ശ്രദ്ധ.

പ്രചാരണത്തിന്റെ അവസാന ദിവസങ്ങളില്‍ കനത്ത മഴ സ്ഥാനാര്‍ത്ഥികളെയും മുന്നണികളെയും വലച്ചു. തുലാവര്‍ഷം ശക്തി പ്രാപിച്ചത് ഇന്ന് പോളിംഗിനെ സ്വാധീനിക്കുമോയെന്ന ആശങ്ക മുന്നണികളെ അലട്ടുന്നുണ്ട്. തുലാവര്‍ഷം ഉച്ച തിരിഞ്ഞാണ് കനക്കുന്നതെന്നതിനാല്‍ ഉച്ചയ്ക്ക് മുമ്പേ പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കാന്‍ ശ്രമമുണ്ടാവും.ഏഴ് ജില്ലകളിലെ 9220 വാര്‍ഡുകളിലായി 31,161 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് മാറ്റുരയ്ക്കുക. 1316 ബൂത്തുകളാണ് പ്രശ്നബാധിതമായി കണക്കാക്കിയിരിക്കുന്നത്. ഏഴ് ജില്ലകളിലുമായി 38,000 പൊലീസുകാരെ ക്രമസമാധാനപാലനത്തിന് നിയോഗിച്ചിട്ടുണ്ട്. അതിസങ്കീര്‍ണമായ 1018 ബൂത്തുകളില്‍ തത്സമയ വെബ്കാസ്റ്റിംഗിനും സംവിധാനമേര്‍പ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലേക്ക് ഇന്നാണ് വോട്ടെടുപ്പ്. എറണാകുളം, തൃശൂര്‍ കോര്‍പറേഷനുകളിലേക്ക് മറ്റ് ഏഴ് ജില്ലകള്‍ക്കൊപ്പം അഞ്ചിനും.
ഒരുമാസത്തോളം നീണ്ട വാശിയോടെയുള്ള പ്രചാരണത്തിനൊടുവില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ഒരേസമയം പ്രതീക്ഷയിലും ഉദ്വേഗത്തിലുമാണ്.ദേശീയ – സംസ്ഥാന വിഷയങ്ങള്‍തൊട്ട് പ്രാദേശിക പ്രശ്നങ്ങള്‍വരെ അലയടിച്ച പ്രചാരണക്കൊടുങ്കാറ്റിനൊടുവിലാണ് ഈ ജില്ലകള്‍ പോളിങ് ബൂത്തിലേക്കു നീങ്ങുന്നത്. സ്ഥാനാര്‍ഥികളും വോട്ടര്‍മാരും പകുതിയിലധികം സ്ത്രീകളാണെന്നതും പ്രത്യേകത. സംസ്ഥാന സര്‍ക്കാരിന്റെ വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയായ തിരഞ്ഞെടുപ്പു വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവുമാണു യുഡിഎഫിന്റെ കൈമുതല്‍. ബാര്‍ കേസിലെ തുടരന്വേഷണ വിധിവരെ എത്തിനില്‍ക്കുന്ന ഭരണവിവാദങ്ങളും ചിട്ടയായ പ്രവര്‍ത്തനവും മേല്‍ക്കൈ നേടിത്തരുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. സംഘപരിവാര്‍ സംഘടനകള്‍ ദേശീയതലത്തില്‍ പയറ്റുന്ന വര്‍ഗീയ വിഭജന അടവുകള്‍ക്കെതിരെയുള്ള കേരളത്തിന്റെ രോഷം രാഷ്ട്രീയമായി തങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഇരുമുന്നണികളും പങ്കുവയ്ക്കുന്നു. പുതിയ സഖ്യങ്ങള്‍ അനുദിനം വിവാദനിഴലിലാകുമ്പോഴും സംസ്ഥാന രാഷ്ട്രീയത്തില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിയുന്ന മുന്നേറ്റം ഈ ജനവിധി സൃഷ്ടിക്കുമെന്നു ബിജെപി പ്രത്യാശിക്കുന്നു.

Top