ബിജെപി ജനങ്ങളെ പറ്റിക്കുകയാണെന്ന് തുറന്ന് പറഞ്ഞ് ശ്രീധരന്‍ പിള്ള; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കാര്യമായി എടുക്കുമോ എന്ന് ചോദ്യം

തങ്ങള്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നെന്ന് അറിയാതെ തുറന്ന് പറഞ്ഞിരിക്കുകയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള. തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കാര്‍ പല വാഗ്ദാനങ്ങളും നല്‍കും. എന്നാല്‍ അതൊന്നും പാലിക്കാനുള്ളതല്ലെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞിരിക്കുന്നത്. പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ വായില്‍ നിന്നും അറിയാതെ ഈ വാക്കുകള്‍ വീണത്.

പെട്രോള്‍ വില 50 രൂപയാക്കുമെന്ന ബിജെപിയുടെ തിരഞ്ഞെടുപ്പു വാഗ്ദാനത്തെക്കുറിച്ചു പത്രക്കാര്‍ ചോദിച്ചു. അപ്പോള്‍ തന്നെ മറുപടിയും വന്നു. തിരഞ്ഞെടുപ്പു സമയത്തു പറയുന്ന വാഗ്ദാനങ്ങള്‍ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് മറു ചോദ്യം ചോദിച്ചായിരിന്നു ശ്രീധരന്‍ പിള്ള കൂടിയിരുന്ന പത്രക്കാരുടെ വായടപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തുന്ന വാഗ്ദാനങ്ങള്‍ വെറും പച്ചക്കള്ളങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം തന്നെ ശരിവയ്ക്കുക ആയിരുന്നു.

”തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യവുമായി ബന്ധമില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ കോണ്‍ഗ്രസ് എന്തെല്ലാം വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. എന്തെങ്കിലും നടപ്പാക്കിയോ? പെട്രോള്‍ വില കുറയ്ക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ട്. അതു നടപ്പാക്കാന്‍ പോകുന്ന കാര്യമാണ്. ഞാന്‍ എന്റെ പാര്‍ട്ടി അധ്യക്ഷനെ വിശ്വസിക്കുന്നു, നിങ്ങള്‍ക്ക് ഏതു രീതിയിലും വ്യാഖ്യാനിക്കാം” പിള്ള പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു തിരഞ്ഞെടുപ്പ് പ്രകടന പത്രിക പൊള്ളത്തരമാണെന്ന് അദ്ദേഹം തുറന്ന് പറഞ്ഞത്. പ്രളയത്തിന്റെ പേരില്‍ കേരളത്തില്‍ ചൂഷണമാണ് നടക്കുന്നതെന്നും പിള്ള പറഞ്ഞു.

അതേസമയം രാജ്യത്ത് തുടര്‍ച്ചയായ അമ്പത്തി ഒന്നാം ദിവസവും ഇന്ധനവില കുതിച്ചുയര്‍ന്നു.തുടര്‍ച്ചയായുള്ള ദിവസങ്ങളിലുള്ള വിലവര്‍ദ്ധനവിലൂടെ രാജ്യത്ത് ഇന്ധന വില സര്‍വകാല റെക്കോര്‍ഡിലാണ് എത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 85.51 രൂപയായി ഉയര്‍ന്നു. രാജ്യത്തെ 12 സ്ഥലങ്ങളില്‍ പെട്രോള്‍ വില 90 കടന്നു. മഹാരാഷ്ട്രയിലെ 12 ഇടങ്ങളിലാണ് പെട്രോള്‍ വില 90 നു മുകളിലെത്തിയത്. മുംബയിലെ പര്‍ഭാനിയിലാണ് രാജ്യത്തെ ഏറ്റവും കൂടിയ വില. ഇവിടെ ഒരു ലിറ്റര്‍ പെട്രോള്‍ 91.15 രൂപയ്ക്കാണ് വില്‍ക്കുന്നത്.

ഇന്ധന വിലവര്‍ദ്ധവില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുമ്പോള്‍, കടുത്ത പ്രതിസന്ധിയിലാണ് ബിജെപി. തീരുവ കുറച്ചു ഇന്ധന വില പിടിച്ചു നിര്‍ത്തണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നെങ്കിലും വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന വാദമുയര്‍ത്തി ധനമന്ത്രി അരുണ്‍ ജൈറ്റ്‌ലി ഈ നിര്‍ദ്ദേശം തള്ളി. പ്രധാനമന്ത്രി മോദി ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് ധനമന്ത്രാലയത്തിന്റെ നിലപാട്. വില വര്‍ദ്ധനവിനെക്കുറിച്ച് ന്യായീകരണങ്ങള്‍ ചമച്ച് വശംകെടുകയാണ് ബിജെപി നേതാക്കള്‍

Top