തിരുവനന്തപുരം: രാജ്ഭവന്റെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിൽ നിന്നുള്ള 30 അംഗ സംഘമാണ് രാജ്ഭവന്റെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നത്. ഗവര്‍ണര്‍ക്ക് സിആര്‍പിഎഫ് സുരക്ഷയാണ് ഒരുക്കുക. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്ഭവനെ അറിയിച്ചു. Z പ്ലസ് കാറ്റഗറിയിലാവും സുരക്ഷ. ഇതോടെ പൊലീസ് സുരക്ഷ ഒഴിവാക്കി.
കൊല്ലത്തെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെ ഗവര്‍ണര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബന്ധപ്പെട്ടിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സെക്രട്ടറിയുമായി നേരിട്ട് സംസാരിച്ച് സാഹചര്യം അറിയിച്ചിരുന്നു. പിന്നാലെയാണ് കേന്ദ്ര സേനയുടെ സുരക്ഷയൊരുക്കിയത്. 55 സുരക്ഷാ സൈനികരില്‍ പത്ത് എന്‍എസ്ജി കമാന്‍ഡോകള്‍ ഉണ്ടാവും. രാജ്ഭവനും സമാന സുരക്ഷ ഏര്‍പ്പെടുത്തും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ഉച്ചയോടെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം Z പ്ലസ് സുരക്ഷ ഏർപ്പെടുത്തിയത്. ഗവർണർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്ഭവന്റെയും ഗവർണറുടെയും സുരക്ഷ വർദ്ധിപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്. സിആർപിഎഫ് സുരക്ഷ ഏറ്റെടുത്തതോടെ ഇതുവരെയുള്ള സുരക്ഷാ പ്രോട്ടോകോളുകളിൽ മാറ്റങ്ങൾ വരും
കൊല്ലം നിലമേലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്എഫ്‌ഐ ഗുണ്ടകൾ അക്രമം അഴിച്ചുവിട്ടിരുന്നു. പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഗവർണർ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. ഇതേതുടർന്നാണ് സിആർപിഎഫ് സുരക്ഷ ഏറ്റെടുത്തത്.