കൊച്ചി:മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. എടപ്പാളിലെ വീട്ടിൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങൾ പരിശോധിക്കുകയാണ്.നയതന്ത്ര ബാഗ് വഴി പാഴ്‌സൽ എത്തിച്ച കേസിലാണ് പ്രജീഷിന്റെ ഫോൺ പിടിച്ചെടുത്തിരിക്കുന്നത്. പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അതിനിടയിലാണ് മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുക്കുന്നത്.രണ്ടും ചേര്‍ത്തുവായിച്ചാല്‍ അണിയറയില്‍ എന്തോ ഒരുങ്ങുന്നതായി സംശയിക്കേണ്ടി വരും. കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവും ആയ വി മുരളീധരന്‍ കഴിഞ്ഞ ദിവസം ദില്ലിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനവും അതിന് ശേഷം തിടുക്കത്തിലുള്ള കേരളത്തിലേക്ക് മടങ്ങിയതും ഇതോടൊപ്പം ചേര്‍ത്തുവായിക്കുന്നവരുണ്ട്.
മന്ത്രി കെടി ജലീലിന്റെ ഗണ്‍മാന്‍ പ്രജീഷിന്റെ മൊബൈല്‍ ഫോണ്‍ ആണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ ആണ് പ്രജീഷിന്റെ വീട്. ഇവിടെ എത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുത്തത്.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തുമായി പ്രജീഷ് ഫോണില്‍ സംസാരിച്ചിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങളും പുറത്ത് വന്നിരുന്നു. ഇപ്പോഴത്തെ കസ്റ്റംസ് നടപടി ഇതുമായി ബന്ധപ്പെട്ടതാണെന്ന സൂചനകളാണ് ഉള്ളത്.
യുഎഇയില്‍ നിന്ന് എത്തിച്ച മതഗ്രന്ഥങ്ങളുടെ വിതരണം സംബന്ധിച്ച് മന്ത്രി കെടി ജലീലിനെ നേരത്തേ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. മറ്റ് അന്വേഷണ ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും ജലീലിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. റംസാന്‍ കിറ്റ് വിതരണം സംബന്ധിച്ചും ജലീലില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞിരുന്നു.എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാനായിരുന്നു കസ്റ്റംസിന്റെ നീക്കം എന്നാണ് പുറത്ത് വരുന്ന മറ്റൊരു വാര്‍ത്ത. സ്വര്‍ണക്കടത്ത് കേസില്‍ ആയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയില്‍ നിന്ന് ഡോളര്‍ കടത്തിയെന്ന പുതിയ കേസിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് 1.90 ലക്ഷം ഡോളര്‍ കടത്തിയ സംഭവത്തില്‍ കസ്റ്റംസ് പുതിയതായി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ സ്വപ്‌ന സുരേഷും സരിത്തും ആണ് പ്രതികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കേസില്‍ തന്നെ ശിവശങ്കറിനേയും ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനിടയില്‍ ആയിരുന്നു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ദിവസം ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്. അതിന് ശേഷം അദ്ദേഹം കേരളത്തിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. ശിവശങ്കറിന്റെ അറസ്റ്റിന് കളമൊരുങ്ങിയ സാഹചര്യത്തിലായിരുന്നു ഇങ്ങനെയൊരു നീക്കം എന്നും ആക്ഷേപമുയരുന്നുണ്ട്.
കഴിഞ്ഞ ദിവസം ചോദ്യം ചെയ്യുന്നതിനായി കസ്റ്റംസ് കൂട്ടിക്കൊണ്ടുവരുന്നതിനിടെ ആയിരുന്നു എം ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ശിവശങ്കര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും അദ്ദേഹത്തിനില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.എന്തായാലും വരും ദിനങ്ങൾ സംസ്ഥാന സർക്കാരിന് ഒരുപക്ഷേ ഏറെ നിർണായകമായേക്കും എന്നാണ് സൂചനകൾ. എം ശിവശങ്കർ അറസ്റ്റ് ചെയ്യപ്പെട്ടാൽ, അത് സർക്കാരിനെ നേരിട്ട് ബാധിക്കില്ലെങ്കിലും പ്രതിപക്ഷവും ബിജെപിയും അതൊരു പ്രചാരണയാധുമാക്കും എന്ന് ഉറപ്പാണ്.