ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിലെ ഏറ്റവും ജനപ്രീതിയുളള മന്ത്രി സുഷമ സ്വരാജിന് സ്വന്തം പാര്‍ട്ടി അണികളുടെ സൈബര്‍ ആക്രമണം. മിശ്ര വിവാഹിതര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിച്ച് അപമാനിച്ച പാസ്പോര്‍ട്ട് ഉദ്യോഗസ്ഥനെ നീക്കം ചെയ്തതാണ് വലതുപക്ഷ സൈബര്‍ അക്രമികളെ പ്രകോപിപ്പിച്ചത്. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്താനാണ് വിദേശകാര്യമന്ത്രിയുടെ നീക്കമെന്നാണ് ഇവരുടെ ആക്ഷേപം. തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളുടെ ട്വീറ്റുകള്‍ സുഷമ തന്നെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
അതേസമയം, സുഷമ സ്വരാജിനെ പിന്തുണച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് സുഷമയ്ക്ക് പിന്തുണയെത്തിയത്. ‘സുഷമാജി നിങ്ങളുടെ പാര്‍ട്ടിയില്‍ നിന്നു തന്നെ നിങ്ങള്‍ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത് വിദ്വേഷവും പരിഹാസവും നിറഞ്ഞ പരാമര്‍ശത്തിലാണ്. ഈ അവസരത്തില്‍ നിങ്ങളുടെ തീരുമാനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു’ എന്നായിരുന്നു കോണ്‍ഗ്രസ് വ്യക്തമാക്കിയത്.
ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ പാസ്പോര്‍ട്ട് പുതുക്കാന്‍ ചെന്ന മിശ്രവിവാഹ ദമ്പതികളായ മുഹമ്മദ് അനസ് സിദ്ധിഖി, ഭാര്യ തന്‍വി സേഥ് എന്നിവരോട് പാസ്പോര്‍ട്ട് പുതുക്കി നല്‍കണമെങ്കില്‍ ഹിന്ദു മതം സ്വീകരിക്കണമെന്നു പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഉദ്യോഗസ്ഥനായ വികാസ് മിശ്ര നിലപാടെടുക്കുകയായിരുന്നു. പുതിയ പാസ്പോര്‍ട്ടിന് അപേക്ഷിച്ച തന്‍വി വിവാഹത്തിനുശേഷം ഭര്‍ത്താവിന്റെ പേര് ഒപ്പം ചേര്‍ക്കാത്തതില്‍ ഉദ്യോഗസ്ഥന്‍ കയര്‍ത്തുവെന്നും ദമ്പതികള്‍ ആരോപിച്ചു.
ഇതു ചൂണ്ടിക്കാണിച്ചാണ് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ദമ്പതികള്‍ ട്വീറ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഈ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ഇതിന്റെ പേരിലാണ് സുഷമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ആക്രമണം ഉയര്‍ന്നത്.