
സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ലക്ഷദ്വീപിനു സമീപം അറബിക്കടലില്‍ തെക്കുകിഴക്കു ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ന്യൂനമര്‍ദ്ദം അതിതീവ്രമായി മാറാനോ ചുഴലിക്കാറ്റായി മാറാനോ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ അതിതീവ്ര, തീവ്ര ന്യൂനമര്‍ദ്ദമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഏഴു തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വരുംദിവസങ്ങളില്‍ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച വരെ കടലില്‍ പോകരുതെന്ന ജാഗ്രതാനിര്‍ദ്ദേശവുമുണ്ട്.
അറബിക്കടലില്‍ രൂപപ്പെട്ട അതീവ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നതോടെ ‘വായു’ എന്ന പേരിലാവും അറിയപ്പെടുക. ഇന്ത്യയാണ് ഈ പേര് നിര്‍ദേശിച്ചിരിക്കുന്നത്. മഹാസമുദ്രത്തിന്റെ വടക്കന്‍ മേഖലയിലെ രാജ്യങ്ങളുടെ നിര്‍ദേശം അനുസരിച്ചാണ് ഈ പ്രദേശത്തെ ചുഴലിക്കാറ്റുകള്‍ക്ക് ഈ പേര് തിരഞ്ഞെടുത്തത്.