ന്യൂഡല്‍ഹി: രാജ്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായ സഹിഷ്ണുതയും നാനാത്വവും ബഹുസ്വരതയും നശിപ്പിക്കരുതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ദാദ്രിയില്‍ മധ്യവയ്‌സകനെ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് കൊലപ്പെടുത്തിയ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം. മത സഹിഷ്ണുത ഉരപ്പുവരുത്തേണ്ടതുണ്ട്. ദാദ്രിയിലെ സംഭവം ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്കേറ്റ കളങ്കമായി. ഇന്ത്യ പരമ്പരാഗതമായി ആര്‍ജിച്ചെടുത്ത മൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ അനുവദിച്ചുകൂടെന്നും രാഷ്ട്രപതി ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശില്‍ മാട്ടിറച്ചി കഴിച്ചെന്നാരോപിച്ച് മുഹമ്മദ് അഹ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന രാജ്യത്ത് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. സംഭവത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അപലപിച്ചിരുന്നു. യു പി സര്‍ക്കാര്‍ സംഭവത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
അതേസമയം, പശുവിറച്ചി കഴിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഹ്‌ലാഖ് എന്നയാളെ അടിച്ചുകൊലപ്പെടുത്തിയ യുപിയിലെ ദാദ്രിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ ജില്ലാ ഭരണകൂടം സമാധാന യോഗം വിളിച്ചിട്ടുണ്ട്. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. മാധ്യമ പ്രവര്‍ത്തകരെ ഗ്രാമത്തിനകത്തേക്കു പ്രവേശിക്കാന്‍ ഒരുവിഭാഗം ആളുകള്‍ അനുവദിക്കുന്നില്ല.
സംഘര്‍ഷാവസ്ഥയ്ക്കിടെ വിവാദ സന്യാസിനി സാധ്വി പ്രാചി, ദാദ്രി സന്ദര്‍ശിക്കും. ഹൈന്ദവ സംഘനയായ യുവവാഹിനി ദാദ്രിയിലേക്കു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ദാദ്രി സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
അതേസമയം, സംഭവ വികാസങ്ങളെക്കുറിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ നിന്നു ലഭിച്ച റിപ്പോര്‍ട്ടില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനത്തെ പ്രതിപക്ഷ കക്ഷികള്‍ ചോദ്യം ചെയ്തിരുന്നു. ഇന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിനു ലഭിക്കുന്നത്. കൂടാതെ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടികളെടുക്കുമെന്നും ആഭ്യന്തര മന്ത്രി അറിയിച്ചിരുന്നു.