ഞങ്ങള്‍ ബീഫ് കഴിക്കുന്നു,ഞങ്ങളെ കൊല്ലാമോ ? തിരുവനന്തപുരത്ത് ബീഫ് ഫെസ്റ്റിലൂടെ പുതിയ സമരമുറ

തിരുവനന്തപുരം: ബീഫ് വീട്ടില്‍ വെച്ചു എന്നാരോപിച്ച് ഒരു മുസ്ളിമിനെ ജനം മര്‍ദ്ദിച്ചു കൊന്ന വിവാദം പുതിയ തരത്തില്‍ കേരളത്തിലും .പശു ഇറച്ചിയുടെ പേരില്‍ ഹിന്ദു തീവ്രവാദികള്‍ രാജ്യത്ത് കൊലപാതകം നടത്തവെ അതിനെതിരെ പ്രതിഷേധിക്കുന്നതിന് തിരുവനന്തപുരത്ത് ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവുമെന്റാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
ഞങ്ങള്‍ ബീഫ് കഴിക്കുന്നു, ഞങ്ങളെ കൊല്ലൂ; എന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. മാധ്യമ നിരൂപകന്‍ ഭാസുരേന്ദ്രബാബു പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.പ്രതിഷേധത്തില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കടലാക്രമണത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷണ വിതരണവും പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി നേതാവ് ടി പീറ്റര്‍, വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് ശ്രീജ നെയ്യാറ്റിന്‍കര തുടങ്ങിയവര്‍ സംസാരിച്ചു.

Top